ഗാന്ധിനഗർ: ഖേദ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. പൊലീസ് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്‌തിരുന്ന 40ഓളം വാഹനങ്ങളാണ് കത്തിനശിച്ചത്.
എണ്ണ മോഷണക്കേസിൽ പിടിച്ചെടുത്ത അഞ്ചോളം ബാരൽ രാസവസ്‌തുക്കൾ വാഹനങ്ങളുടെ സമീപത്ത് ഉണ്ടായിരുന്നു. സമീപത്ത് പടക്കങ്ങൾ പൊട്ടിച്ചപ്പോൾ വാഹനങ്ങളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. 25 നാല് ചക്ര വാഹനങ്ങളും മൂന്ന് ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ 40ഓളം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചതായി അഹമ്മദാബാദ് പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ വി.ചന്ദ്രശേഖർ പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. രണ്ട് മണിക്കൂറോളം തുടർന്ന തീപിടിത്തം ഏഴ് ഫയർ ഫോഴ്‌സ് വാഹനമെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഖേദ ടൗൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍