അച്യുതപുരം : ആന്ധ്ര പ്രദേശിലെ സീതപലെം ബീച്ചിൽ (Seethapalem beach) സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ തിരയടിച്ച് വീണ (hit by wave) യുവാവിന് ദാരുണാന്ത്യം. കൂടായുണ്ടായിരുന്ന യുവതി അപകടത്തെ തുടർന്ന് ചികിത്സയിലാണ്. അനകപള്ളി ജില്ലയിൽ (Anakapalli district) ഞായറാഴ്‌ചയാണ് സംഭവം.
ആറംഗ സുഹൃദ് സംഘം ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിശാഖപട്ടണം സ്വദേശികളായ കട്ടോജു സായ് (19), കട്ടോജു കാവ്യ (17), സിംഹാചലം സ്വദേശികളായ സായ് പ്രിയങ്ക (27), ഗണ്ണവരപ്പു രവിശങ്കർ (28), അല്ലിപുര സ്വദേശികളായ കണ്ടിപ്പള്ളി ഫണീന്ദ്ര (25), കണ്ടിപ്പള്ളി സായ് കിരൺ (25) എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. ബീച്ചിൽ നീന്താൻ പോയതായിരുന്നു ആറംഗ സംഘം.
ഇതിനിടയിൽ ഫോട്ടോ എടുക്കുന്നതിനായി പാറക്കെട്ടിന് മുകളിൽ കയറി നിൽക്കവെ വലിയ തിരയടിച്ച് സംഘം വെള്ളത്തിലേയ്‌ക്ക് വീഴുകയായിരുന്നു. യുവാക്കൾ വെള്ളത്തിലേയ്‌ക്ക് വീണത് കണ്ട് ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവർ ബഹളം വക്കുകയും മത്സ്യത്തൊഴിലാളികളെത്തി ഇവരെ കരയ്‌ക്ക് കയറ്റുകയുമായിരുന്നു. എന്നാൽ ആറ് സുഹൃത്തുക്കളിൽ അഞ്ച് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
അബോധാവസ്ഥയിലായ യുവതി ചികിത്സയിൽ : നീണ്ട നേരത്തെ തെരച്ചിലിനൊടുവിൽ കട്ടോജു സായിയുടെ മൃതദേഹം അച്യുതപുരം മണ്ഡലത്തിലെ (Achyutapuram mandal) പുതിയമടക്കിൽ കരയ്‌ക്കടിഞ്ഞതായി കണ്ടെത്തി. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ പ്രിയങ്കയെ അനകപ്പള്ളി ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിശാഖപട്ടണത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കട്ടേജു സായിയുടേത് മുങ്ങിമരണമാണെന്ന് പൊലീസ് അറിയിച്ചു.
വിശാഖപട്ടണത്ത് 11 മണ്ഡലങ്ങളിലായി നിരവധി തീരപ്രദേശങ്ങളുണ്ട്. അതിനാൽ ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾ അപകടത്തിപ്പെടുന്നതും സ്ഥിരം സംഭവമാണെങ്കിലും അപകട സമയത്ത് സ്ഥലത്തെത്തുന്ന പൊലീസോ വകുപ്പ് തല ഉദ്യോഗസ്ഥരോ ആവശ്യമായ സുരക്ഷ നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല.
തിരയടിച്ച് കടലിൽ വീണ യുവതി മരിച്ചു (Couple Hit By Wave) : കഴിഞ്ഞ മാസമാണ് മഹാരാഷ്‌ട്രയിലെ ബാന്ദ്രയിൽ ബീച്ചിൽ (Bandra Beach) ഫോട്ടോ എടുക്കുന്നതിനിടെ ദമ്പതികൾ തിരയടിച്ച് (Couple Hit By Wave) അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 32 കാരിയായ യുവതി മരണപ്പെട്ടിരുന്നു. ബാന്ദ്രയിൽ ഫോർട്ടിൽ മുകേഷ് - ജ്യോതി സോനാർ ദമ്പതികൾ കുടുംബത്തോടൊപ്പം വിനോദത്തിനായി എത്തിയതായിരുന്നു.
ഇവടെ വച്ച് ഫോട്ടോ എടുക്കുന്നതിനായി ദമ്പതികൾ പാറക്കെട്ടിൽ ഇരിക്കുകയും ഇവരുടെ കുട്ടികൾ കരയിൽ നിന്ന് ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഇതിനിടെ കൂറ്റൽ തിരയടിച്ച് ഇരുവരും വെള്ളത്തിൽ വീണു. കുട്ടികൾ കരഞ്ഞ് ബഹളം വച്ചതോടെ കൂടെ ഉണ്ടായിരുന്നവർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുകേഷിനെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ.
Also Read : ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍വീണ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
വെള്ളത്തിൽ വീണ് കാണാതായ ജ്യോതിയുടെ മൃതദേഹം പിന്നീട് ഇന്ത്യൻ കോസ്‌റ്റ്ഗാർഡ് എത്തി കണ്ടെത്തുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.