എറണാകുളം: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഭരണസമിതിക്ക് നയപരമായ തീരുമാനമെടുക്കാന്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
പുതിയ ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, ഹര്‍ജിയില്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കാത്തത് എന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നോട്ടിസ് അയച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ മാസം 16 നായിരുന്നു ചേവായൂരില്‍ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് പാനലും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കില്‍ മത്സരം. ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച വിമത സ്ഥാനാര്‍ഥികള്‍ക്കായിരുന്നു തെരഞ്ഞെടുപ്പില്‍ ജയം.
തെരഞ്ഞെടുപ്പിനിടെ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് വോട്ടുചെയ്യാൻ സാധിക്കാതെ മടങ്ങേണ്ടി വന്നുവെന്നും കാണിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ 11 പേര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിരുന്നിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ല, സഹകരണ വകുപ്പ് ജീവനക്കാരും അട്ടിമറിക്ക് കൂട്ടുനിന്നു എന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
Read More: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്