മുംബൈ: കാമുകനെ കാണാനെത്തി, രാജ്യത്ത് താമസം തുടരുന്ന പാകിസ്ഥാന്‍ യുവതി സീമ ഹൈദര്‍ മടങ്ങിയില്ലെങ്കില്‍ 26/11ന് (2008ലെ മുംബൈ ഭീകരാക്രമണം) സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന് ഭീഷണി ഫോണ്‍ കോള്‍. മുംബൈ ട്രാഫിക് പൊലീസിന്‍റെ കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് അജ്ഞാതൻ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. മുംബൈ പൊലീസ് വ്യാഴാഴ്‌ചയാണ് (ജൂലൈ 13) ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പുറത്തുവിട്ടത്.
സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മുംബൈ പൊലീസും ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് വിഷയം അന്വേഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാക് യുവതിക്കും യുവാവിനും ജാമ്യം: ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ചതിന് അറസ്റ്റിലായ പാക് യുവതിക്കും സഹായമൊരുക്കിയ കാമുകനായ ഗ്രേറ്റർ നോയിഡ സ്വദേശിക്കും ജാമ്യം. സീമ ഗുലാം ഹൈദർ (30), സച്ചിൻ മീണ (25) എന്നിവര്‍ക്കാണ് ഗ്രേറ്റർ നോയിഡ കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ എട്ടിനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. ഓൺലൈൻ ഗെയിമായ പബ്‌ജി വഴി ഇരുവരും പ്രണയത്തിലാവുകയും തുടര്‍ന്ന് യുവതി തന്‍റെ നാല് മക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തുകയുമായിരുന്നു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് സീമയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയെന്ന കുറ്റമാണ് സച്ചിനെതിരായി രേഖപ്പെടുത്തിയത്. തങ്ങള്‍ പരസ്‌പരം പ്രണയത്തിലാണെന്നും വിവാഹം കഴിച്ച് ഇന്ത്യയിൽ ഒരുമിച്ച് താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും സച്ചിനും സീമയും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്‍പില്‍ പറഞ്ഞിരുന്നു.
READ MORE | India - Pak Love Story | അനധികൃതമായി താമസിച്ച പാക് യുവതിക്കും കാമുകനായ യുപി സ്വദേശിക്കും ജാമ്യം
ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ചതിന് പാകിസ്ഥാൻ യുവതിയും നാല് കുട്ടികളും പുറമെ ഗ്രേറ്റർ നോയിഡ സ്വദേശിയും ജൂലൈ മൂന്നിനാണ് പൊലീസിന്‍റെ പിടിയിലായത്. ഓൺലൈൻ ഗെയിമായ പബ്‌ജി വഴി പരിചയപ്പെടുകയും തുടര്‍ന്ന് യുവതിയുമായി പ്രണയത്തിലാവുകയും ചെയ്‌ത യുപി സ്വദേശിയായ യുവാവാണ്, ഇവരെ നോയിഡയില്‍ താമസിപ്പിച്ചത്. യുവാവിന്‍റെ വീട്ടിലെത്തിയാണ് പൊലീസിന്‍റെ നടപടി.
പാക് യുവതി ഇന്ത്യയിലെത്തിയത് നേപ്പാള്‍ വഴി: പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്തെ സച്ചിൻ എന്ന യുവാവുമായാണ് ഇവര്‍ പ്രണയത്തിലായത്. ഇയാള്‍ക്കൊപ്പമാണ് യുവതിയും കുട്ടികളും താമസിച്ചുവന്നത്. നാല് കുട്ടികളോടൊപ്പം പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റബുപുര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.
ഇതോടെയാണ്, നടപടി സ്വീകരിച്ചതെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ സോഷ്യൽ ഇന്‍റലിജൻസ്, ഇലക്‌ട്രോണിക് നിരീക്ഷണ വിഭാഗം എന്നിവയുടെ സഹായത്തോടെ പൊലീസ് അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.