ബെംഗളൂരു: കൊവിഡ് നമ്മിലുണ്ടാക്കിയ പുതിയ ശീലമാണ് മാസ്‌ക് ധരിക്കൽ. കൊവിഡിനെതിരായ പോരാട്ടത്തിലെ ആയുധമാണ് മാസ്‌കും സാനിറ്റൈസറുകളും. സർജിക്കൽ, എൻ 95 മാസ്‌കുകൾ കൂടാതെ ഇന്ന് വിപണിയിൽ പലതരത്തിലുള്ളവ ലഭ്യമാണ്. തുണികൊണ്ടുള്ള, അല്ലെങ്കില്‍ ധരിക്കുന്ന വസ്‌ത്രത്തിന് യോജിച്ച മാസ്‌കുകൾ ആണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത് തുണിയുടേത് ധരിക്കുന്നവർ അതിനുള്ളിൽ സർജിക്കൽ മാസ്‌കും ഉപയോഗിക്കണമെന്നാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സർജിക്കൽ മാസ്‌ക് ഉണ്ടാക്കുന്ന മലിനീകരണ പ്രശ്‌നം ചില്ലറയല്ല. ഭൂരിപക്ഷത്തിനും ഇത്തരം മാസ്‌കുകൾ എങ്ങനെ സംസ്കരിക്കണമെന്നതില്‍ വലിയ ധാരണയില്ല. ഈ സാഹചര്യത്തിലാണ് മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ സീഡ് എന്ന സംഘടന വിത്ത് മാസ്‌കുമായി രംഗത്തെത്തിയത്.
ഉപയോഗ ശേഷം ആളുകൾ ഉപേക്ഷിക്കുന്ന സർജിക്കൽ മാസ്‌കുകൾ ഉയർത്തുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നിസാരമല്ല. അതേറ്റവും അധികം ബാധിക്കുക ശുചീകരണ തൊഴിലാളികളെയാണ്. സർജിക്കൽ മാസ്‌കുകൾ കത്തിച്ചുകളയണം എന്നിരിക്കെ നഗരങ്ങളിലെ ഫ്ലാറ്റുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും താമസിക്കുന്നവർക്ക് എപ്പോഴും അതിന് സാധിക്കണമെന്നില്ല. വലിച്ചെറിയപ്പെട്ടാൽ അവ കാലങ്ങളോളം മണ്ണിൽ കിടക്കും. അവിടെയാണ് മണ്ണിൽ അലിയുന്ന സീഡ് മാസ്‌കുകളുടെ പ്രസക്‌തി. തുളസിയുടെയും തക്കാളിയുടെയും മറ്റും വിത്തുകൾ നിക്ഷേപിച്ചാണ് പേപ്പർ സീഡ് ഓരോ മാസ്‌കും നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ വലിച്ചെറിയപ്പെടുന്നിടത്ത് അവ പച്ചപ്പിന്‍റെ മുകുളങ്ങൾ വിടർത്തും. പേപ്പർ സീഡിൽ അംഗവും ആക്‌ടിവിസ്റ്റുമായ നിധിൻ വാസുനാണ് വിത്ത് മാസ്‌കുകൾക്ക് പിന്നിൽ. ഉപേക്ഷിച്ച പരുത്തിത്തുണികൊണ്ടും മറ്റ് കോട്ടണുകള്‍ക്കൊണ്ടും നിർമിക്കുന്ന മാസ്‌കിന് പേപ്പർ കൊണ്ടുള്ള ആവരണവുമുണ്ട്. ഈ പേപ്പറിലാണ് വിത്തുകൾ നിക്ഷേപിച്ചിരിക്കുന്നത്. സുരക്ഷയോടൊപ്പം പരിസ്ഥിതി സൗഹാര്‍ദത്തിനും ഊന്നല്‍ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യം പകച്ചുനിൽക്കുമ്പോൾ സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വത്തിലൂടെയും വൈറസിന് പിടികൊടുക്കാതെ നിൽക്കുകയെന്നത് മാത്രമാണ് പൗരന്മാർ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന കാര്യം. അതോടൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് മാസ്‌കുകളുടെ കൃത്യമായ സംസ്കരണം. ഈ കെട്ടകാലത്ത് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ ചിലപ്പോൾ മാസ്‌കുകൾ അലക്ഷ്യമായി കൈകാര്യം ചെയ്‌തേക്കാം. അങ്ങനെ ഉള്ളവർക്ക് സീഡ് മാസ്കുകള്‍ ഉപയോഗിക്കാവുന്നതാണ്. അലക്ഷ്യമായി അവ വലിച്ചെറിയാതെ കൃത്യമായി നിക്ഷേപിച്ചാല്‍ രോഗവ്യാപനത്തിന് കാരണമാകില്ലെന്ന് മാത്രമല്ല പുതുനാമ്പുകള്‍ ഉയിരെടുക്കാന്‍ കാരണമാകുകയും ചെയ്യും.