ന്യൂഡല്‍ഹി: കോടതി വളപ്പിനുള്ളിൽ സുരക്ഷ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാരോപിച്ച് മനീഷ് സിസോദിയ സമര്‍പ്പിച്ച അപേക്ഷയില്‍ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവിട്ട് കോടതി. സിസോദിയയുടെ അഭിഭാഷക സംഘം ആവശ്യപ്പെട്ടത് പ്രകാരം മെയ് 23നുണ്ടായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഡൽഹി റൗസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. അതേസമയം ആരോപണത്തില്‍ സിസോദിയയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയിലൂടെ മാത്രം ഹാജരാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡൽഹി പൊലീസും കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
വീഡിയോ കോണ്‍ഫറന്‍സിങ് ആവശ്യവുമായി പൊലീസ്: മനീഷ് സിസോദിയയെ നേരിട്ട് ഹാജരാക്കിയാല്‍ കോടതി പരിസരത്തും വരാന്തയിലുമായി ആം ആദ്‌മി പാര്‍ട്ടി അനുകൂലികളും മാധ്യമപ്രവര്‍ത്തകരും ഒരുമിച്ചുകൂടി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് അറിയിച്ചായിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ അപേക്ഷയുമായെത്തിയത്. എന്നാല്‍ അപേക്ഷയില്‍ കോടതിയില്‍ വ്യക്തമായൊരു തീരുമാനമറിയിക്കുന്നത് വരെ സിസോദിയയെ വീഡിയോ കോൺഫറൻസിങിലൂടെ മാത്രമേ ഹാജരാക്കാവൂ എന്നും നേരിട്ട് ഹാജരാക്കേണ്ടതില്ലെന്നും സ്‌പെഷ്യല്‍ ജഡ്‌ജ് എംകെ നാഗ്‌പാല്‍ വ്യക്തമാക്കി. മാത്രമല്ല വ്യാഴാഴ്‌ചയും സിസോദിയയെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു കോടതിയില്‍ ഹാജരാക്കിയിരുന്നത്.
ഡല്‍ഹി മദ്യനയക്കേസില്‍ സിസോദിയ: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി നേരത്തെ പരിഗണിച്ചിരുന്നു. 2,100 പേജിലധികം വരുന്ന അനുബന്ധ കുറ്റപത്രം ഇഡിയ്‌ക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നവീൻ കുമാർ മട്ടയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 271 പേജുകള്‍ ഓപറേറ്റിങ് പാര്‍ട്ടിനെ കുറിച്ച് സൂചിപ്പിക്കുന്നതാണ്. മാത്രമല്ല കേവലം 60 ദിവസങ്ങള്‍ മാത്രമെടുത്താണ് ഇഡി ഈ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള മനീഷ് സിസോദിയ ഏതാണ്ട് 622 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും ഈ അനുബന്ധ കുറ്റപത്രത്തില്‍ ഇഡി ആരോപിച്ചിരുന്നു.
അതേസമയം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഡല്‍ഹി മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇഡി അറസ്‌റ്റ് ചെയ്യുന്നത്. ഇതിന് മുന്‍പ് ഫെബ്രുവരി 26ന് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍ സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 26ാം പ്രതിയാണ് മുതിര്‍ന്ന എഎപി നേതാവായ മനീഷ് സിസോദിയ.
ശരത് ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷി: ഡൽഹി മദ്യനയ കേസില്‍ വിചാരണ നേരിടുന്ന അരബിന്ദോ ഫാർമ കമ്പനി ഡയറക്‌ടര്‍ ശരത് ചന്ദ്ര റെഡ്ഡിയെ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയ ശരത് ചന്ദ്ര റെഡ്ഡിയെ ഡല്‍ഹി റൗസ് അവന്യു കോടതിയാണ് മാപ്പുസാക്ഷിയായി അംഗീകരിച്ചത്. വിവിധ വ്യക്തികളും സംഘടനകളുമായും ചേർന്ന് സിൻഡിക്കേറ്റ് രൂപീകരിച്ച് സർക്കാർ റവന്യൂ സംവിധാനത്തെ അട്ടിമറിക്കുകയും അന്യായമായ മാർഗങ്ങളിലൂടെ പണം പിരിച്ചെടുക്കുകയും ചെയ്‌തുവെന്നാരോപിച്ച് ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ കവിതയുടെ വിശ്വസ്ഥന്‍ കൂടിയായ ശരത് ചന്ദ്ര റെഡ്ഡിയെ ഇഡി കസ്‌റ്റഡിയിലെടുത്തിരുന്നു.