ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ വൻ സുരക്ഷാവീഴ്‌ച. ചൊവ്വാഴ്‌ച(21.09.2022) ഒരു യാത്രക്കാരൻ ലഞ്ച് ബോക്‌സിൽ ഫോർക്കും സ്‌പൂണുമായാണ് വിമാനത്തിൽ കയറിയത്. ഇതേ തുടർന്നാണ് വിമാനത്തിന്‍റെ സുരക്ഷ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്.
പ്രയാഗ്‌രാജിലെ പണ്ഡിറ്റ് ദീൻദയാൽ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ യാത്ര തിരിച്ചത്. വിമാനം പറന്നുയർന്ന ഉടൻ യാത്രക്കാരൻ ടിഫിൻ ബോക്‌സ് തുറക്കുകയും ഭക്ഷണം കഴിക്കാൻ ഫോർക്ക് പുറത്തെടുക്കുകയും ചെയ്‌തു. ബോർഡിങ് നിയമങ്ങൾ അനുസരിച്ച്, ലോഹ ഫോർക്കുകൾ, കത്തികൾ, സ്‌പൂണുകൾ എന്നിവ വിമാനത്തിൽ അനുവദനീയമല്ല.
യാത്രക്കാരന്‍റെ കയ്യിൽ ഫോർക്കും സ്‌പൂണും കണ്ട് ക്രൂ അംഗങ്ങൾ ഉടൻ പൈലറ്റിനെ അറിയിക്കുകയായിരുന്നു. ശേഷം എടിസിയുമായി സംസാരിച്ച് വിമാനം താഴെയിറക്കി. യാത്രക്കാരനെ ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി.
15 മിനിറ്റ് വൈകിയാണ് വിമാനം വീണ്ടും ഡൽഹിയിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ ഇതുവരെ സുരക്ഷ ഉദ്യേഗസ്ഥർ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.