മുംബൈ/ന്യൂഡൽഹി: എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്ത് സുരക്ഷ സംവിധാനം കർശനമാക്കി. സുരക്ഷയുടെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇന്ത്യൻ പാരാമിലിറ്ററി സേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലും ഇന്ത്യ ഗേറ്റിലും നൂറ് കണക്കിന് സൈനികരെയാണ് അണിനിരത്തിയിരിക്കുന്നത്.
വിജയ് ചൗക്ക് മുതൽ ചെങ്കോട്ടവരെയായിരുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ധ്യാൻ ചന്ത് നാഷണൽ സ്റ്റേഡിയം വരെയാക്കി ചുരുക്കിയിട്ടുണ്ട്. പരേഡിലെ സേനാംഗങ്ങളുടെ എണ്ണം ഓരോ വിഭാഗത്തിലും 144ൽ നിന്ന് 90 ആയി കുറച്ചു. പരേഡിലെ സ്ഥിരം സാന്നിധ്യമായ മോട്ടോർസൈക്കിൾ അഭ്യാസം ഇക്കുറി ഉണ്ടാകില്ല. എന്നാൽ റഫേൽ ജെറ്റുകൾ പരേഡിന്‍റെ മുഖ്യ ആകർഷണമാകും.
സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. മൊബൈൽ സെക്യൂരിറ്റി ബങ്കറുകൾ, താൽകാലിക ചെക്ക്പോസ്റ്റുകൾ, സിസിടിവി ക്യാമറകൾ, പൊലീസ് നായ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രധാന പരേഡ് വേദികൾക്ക് സമീപത്തുള്ള ബഹുനില കെട്ടിടങ്ങളിൽ ഷാർപ്പ്ഷൂട്ടർമാരെ വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും വിശദമായ പരിശോധനകൾക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുക.
അതേസമയം, ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുടെ ട്രാക്ടർ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം നടക്കും. ഗാസിപ്പുർ, സിങ്കു, തിക്രി, പൻവൽ, ഷാജഹാൻപുർ തുടങ്ങിയ അതിർത്തികളിൽ നിന്ന് കർഷകർ നഗരത്തിൽ എത്തും. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന പ്രദേശത്തിന്‍റെ 14 കിലോമീറ്റർ ചുറ്റളവിലേക്ക് കടക്കരുതെന്നാണ് പൊലീസിന്‍റെ നിർദേശം.