ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. ഇന്ന് രാവിലെ ഡല്‍ഹി എയിംസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും, 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. കൊവിന്‍ 2.0 ആപ്പ്, ആരോഗ്യ സേതു ആപ്പുകള്‍ വഴി ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
വാക്‌സിനേഷന്‍ യജ്ഞത്തില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകും. ഇതിനായി സ്വകാര്യ ആശുപത്രികളുമായി ധാരണയുണ്ടാക്കിയിരുന്നതായി കേന്ദ്രം പ്രസ്‌താവനയിറക്കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്വകാര്യ ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, സബ് ഡിവിഷണല്‍ ആശുപത്രികള്‍, ഹെല്‍ത്ത് ആന്‍റ് വെല്‍നെസ് സെന്‍ററുകളും എന്നിവിടങ്ങളും വാക്‌സിന്‍ വിതരണ യജ്ഞത്തില്‍ പങ്കാളികളാകും.
സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. കൊവിന്‍ 2.0 ആപ്പ് ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ഉപയോക്‌താക്കള്‍ക്ക് യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കും. ആരോഗ്യ പ്രശ്‌നങ്ങളുള്ള 45നും 59 വയസിന് ഇടയിലുള്ളവര്‍ അസുഖം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഡോക്‌ടര്‍മാരില്‍ നിന്ന് വാങ്ങുകയും അത് കൊവിന്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് വാക്‌സിനേഷന് കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകാവുന്നതാണ്. രാജ്യത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് ഈ വര്‍ഷം ജനുവരി 16 മുതലാണ്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തര്‍ക്ക് ഫെബ്രുവരി 2 മുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌തിരുന്നു.