ബെംഗളൂരു : കർണാടകയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ ഐക്യ സമ്മേളനത്തിൽ 24 രാഷ്‌ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കുമെന്ന് വിവരം. ജൂലൈ 17, 18 തിയതികളിൽ ബെംഗളൂരുവിൽ വച്ചാണ് രണ്ടാം പ്രതിപക്ഷ ഐക്യ സമ്മേളനം നടക്കുന്നത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഐക്യമുന്നണി അവതരിപ്പിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് എട്ട് പുതിയ പാർട്ടികൾ കൂടി പിന്തുണ നൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം ബിഹാറിലെ പട്‌നയിലായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പ്രതിപക്ഷ യോഗം ചേർന്നത്.
പിന്തുണ നൽകിയ പുതിയ പാർട്ടികൾ : മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കു ദേശ മക്കൾ പാർട്ടി (കെഡിഎംകെ), വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്‌പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), കേരള കോൺഗ്രസ് (ജോസഫ് വിഭാഗം), കേരള കോൺഗ്രസ് (മാണി വിഭാഗം) എന്നീ രാഷ്‌ട്രീയ പാർട്ടികളാണ് പുതിയതായി പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും കർണാടകയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ക്ഷണക്കത്തയച്ച് ഖാർഗെ : അതേസമയം, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു. ജൂൺ 23 ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പട്‌നയിൽ വിളിച്ച് ചേർത്ത യോഗം വിജയകരമായിരുന്നതായി ഖാർഗെ ക്ഷണക്കത്തിൽ കൂട്ടിച്ചേർത്തിരുന്നു. നമ്മുടെ ജനാധിപത്യ രാഷ്‌ട്രീയത്തെ ഭീഷണിപ്പെടുത്തുന്ന വിവിധ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടാനും ഏകകണ്‌ഠമായ ധാരണയിലെത്താനും കഴിഞ്ഞതിനാൽ യോഗം വൻ വിജയമായിരുന്നു എന്നായിരുന്നു ഖാർഗെ കുറിച്ചത്.
ഈ ചർച്ച തുടരേണ്ടതും പ്രതിപക്ഷത്തിനിടയിൽ ഒരു ഏകീകരണം നിലനിർത്തേണ്ടതും പ്രധാനമാണെന്നും രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനായി ബെംഗളൂരുവിലേക്ക് പോകുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദും നേരത്തെ അറിയിച്ചിരുന്നു. 17 രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളാണ് ആദ്യ പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.