ബടിൻഡ: പഞ്ചാബിലെ ബടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവയ്‌പ്പിൽ ആക്രമികളെ കണ്ടെത്താനാകാതെ വലഞ്ഞ് അന്വേഷണ സംഘം. ഇന്നലെ പുലർച്ചെയുണ്ടായ വെടിവയ്‌പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വൈകുന്നേരം സൈനിക ക്യാമ്പിന് സമീപം സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സൈനികനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതേസമയം പുലർച്ചെ നടന്ന വെടിവയ്‌പ്പിന് തൊട്ടുപിന്നാലെ വെള്ള കുർത്തയും പൈജാമയും ധരിച്ച രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടതായി ക്യാമ്പിലെ സൈനികൻ മൊഴി നൽകി. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
വെടിവയ്‌പ്പുണ്ടായതിന് പിന്നാലെ ഭീകരാക്രമണമല്ലെന്ന് സൈന്യം അറിയിച്ചെങ്കിലും സൈനികന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആ കോണിലും അന്വേഷണം നടക്കുന്നുണ്ട്. മുഖവും തലയും തുണികൊണ്ട് മറച്ച നിലയിലാണ് രണ്ട് പേരെ കണ്ടതെന്നാണ് സൈനികന്‍ മൊഴി നൽകിയിരിക്കുന്നത്. ഇതിൽ ഒരാളുടെ കൈയിൽ ഇൻസാസ് റൈഫിളും മറ്റേയാളുടെ കൈയിൽ കോടാലിയുമാണ് ഉണ്ടായിരുന്നത്. ഇരുവരും ഉയരമുള്ളവരാണെന്നും താൻ കണ്ടെന്ന് മനസിലാക്കിയതോടെ ബാരക്കിന് സമീപമുള്ള വനപ്രദേശത്തേക്ക് അവർ ഓടിയതായും സൈനികന്‍ മൊഴി നൽകിയിട്ടുണ്ട്.
വെടിവയ്‌പ്പിന്‍റെ അടിസ്ഥാനത്തിൽ ക്യാമ്പും പരിസരവും കനത്ത ജാഗ്രതയിലാണ്. പ്രദേശത്തെ സ്‌കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. നാല് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), ആയുധ നിയമത്തിലെ പ്രസക്‌തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഞെട്ടിക്കുന്ന സംഭവം: ഇന്നലെയുണ്ടായ വെടിവയ്‌പ്പിൽ സാഗർ ബന്നെ (25), യോഗേഷ് കുമാർ (24), സന്തോഷ് എം നാഗരാൽ (25), കമലേഷ് ആർ (24) എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവ സമയത്ത് കൊല്ലപ്പെട്ട സൈനികർ ബാരക്കിൽ ഉറങ്ങുകയായിരുന്നു. സാഗർ ബന്നെയെയും യോഗേഷ് കുമാറിനെയും ഒരു മുറിയിലും സന്തോഷിനെയും, കമലേഷിനെയും മറ്റൊരു മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ശരീരങ്ങളിലും വെടിയേറ്റിരുന്നു. സാഗറും സന്തോഷും കർണാടക സ്വദേശികളും യോഗേഷും കമലേഷും തമിഴ്‌നാട് സ്വദേശികളുമാണ്.
ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് സൈനിക ക്യാമ്പിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സൈനികനും വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുർതേജസ് ലഹുരാജ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് മറ്റ് സൈനികർ എത്തുമ്പോൾ തലയിൽ വെടിയേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഗുർതേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഈ സംഭവത്തിന് പുലർച്ചെ ക്യാമ്പിൽ നടന്ന വെടിവയ്‌പ്പുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ ഒരു ഇൻസാസ് റൈഫിളും ശൂന്യമായ 19 ഷെല്ലുകളും കണ്ടെടുത്തിരുന്നു. കണ്ടെടുത്ത ആയുധവും ഷെല്ലുകളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് ക്യാമ്പിൽ നിന്ന് ഒരു റൈഫിൾ കാണാതായിരുന്നു. ഈ റൈഫിളാണോ സൈനികര്‍ക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ചത് എന്ന തരത്തിലും അന്വേഷണം നടന്നു വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ALSO READ: പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്‌പ്പ് ; നാല് സൈനികർ കൊല്ലപ്പെട്ടു