ന്യൂഡല്‍ഹി: കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി സുപ്രീംകോടതി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്ന ഹര്‍ജിയിലാണ് നടപടി.
മൂന്ന് ദിവസത്തിനുള്ളില്‍ രേഖാമൂലമുള്ള ഹര്‍ജികള്‍ സമര്‍പ്പിക്കാൻ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കക്ഷികളോട് ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ചവരെ സഹായിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയും ബാധ്യതയുമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ എസ് ഉപാധ്യായ് പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 4 ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ വാദം.
READ MORE: കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം നല്‍കാനാവില്ലെന്ന് കേന്ദ്രം
ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള തുക ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ചെലവിടണമെന്നാണ് നിയമം വ്യക്തമാക്കുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.