ആന്ധ്രാപ്രദേശ്: എല്ലാ മതാചാരങ്ങളിലും തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന്‍റെ പ്രതിഷ്‌ഠയ്‌ക്ക് മുമ്പില്‍ പല വിധത്തിലുള്ള നേര്‍ച്ചകള്‍ സമര്‍പ്പിക്കാറുണ്ട്. ചിലര്‍ തേങ്ങയുടയ്‌ക്കും, മറ്റ് ചിലര്‍ സ്വാദുള്ള ഭക്ഷണങ്ങള്‍ സമര്‍പ്പിക്കും, ചിലർ പൂക്കൾ. എന്നാല്‍, തേളിനെ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്.
ആന്ധ്രാപ്രദേശിലെ, കർണൂലിലെ കൊടുമുരു ജില്ലയിലെ ഒരു കുന്നിൻ മുകളില്‍ സ്ഥിതി ചെയ്യുന്ന കൊണ്ടല റായിഡു ക്ഷേത്രത്തിലാണ് അപൂര്‍വമായ ആചാരം നടക്കുന്നത്. എല്ലാ ശ്രാവണ മാസത്തിലെയും മൂന്നാമത്തെ തിങ്കളാഴ്‌ച ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക ഉത്സവം സംഘടിപ്പിക്കും. ഉത്സവാഘോഷ വേളയില്‍ മലമുകളിൽ കാണുന്ന തേളുകളെ പിടിച്ച് ഭക്തര്‍ ഭഗവാന് സമർപ്പിക്കും.
'ആഗ്രഹങ്ങൾ സഫലമാകും': തേളിനെ നേര്‍ച്ചയായി സമര്‍പ്പിച്ചാല്‍ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. എല്ലാ വർഷവും സമാനമായ തരത്തില്‍ ഉത്സവങ്ങൾ സംഘടിപ്പിക്കും. ഇത്തവണ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ഭക്തജനങ്ങളാണ് ആഘോഷങ്ങൾക്കായി എത്തിയത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മലമുകളിലുള്ള കല്ലുകള്‍ നീക്കം ചെയ്‌ത് തേളിനെ തിരഞ്ഞ് പിടിക്കും. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ള ഭക്തര്‍ പ്രത്യേക നേര്‍ച്ചയ്‌ക്കായി ഇവിടെ എത്തും. യാതൊരു ഭയവും കൂടാതെയാണ് ഇവര്‍ തേളിനെ പിടികൂടുന്നത്.
മുമ്പ് ക്ഷേത്രത്തില്‍ വന്ന് ഇത്തരത്തില്‍ നേര്‍ച്ചകള്‍ നടത്തിയവരുടെയെല്ലാം ആഗ്രഹങ്ങള്‍ സഫലമായിട്ടുണ്ട്. അതിനാലാണ് ഇത്തരത്തിലൊരു നേര്‍ച്ച നടത്താന്‍ തയ്യാറാകുന്നതെന്ന് ഭക്തര്‍ പറയുന്നു.