ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണം മുഖ്യമന്ത്രിയുടെ അധികാരമാണെന്ന് ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള ചര്‍ച്ചയ്‌ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ വിപൂലീകരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യില്ലെന്നും ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. വികസനവും ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുമായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും മന്ത്രിസഭാ വിപൂലികരണത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായിരിക്കില്ലെന്നും സിന്ധ്യ പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയാണ് ബിജെപി വിജയത്തിലെത്തിയത്. എതിരാളികളായ കോണ്‍ഗ്രസിന് കേവലം 9 സീറ്റ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം ബിജെപി മധ്യപ്രദേശില്‍ 49.5 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസ് 40.5 ശതമാനമാണ് വോട്ട് നേടിയത്. 28 സീറ്റുകളിലേക്കായി നവംബര്‍ 3 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. 25 എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി വെച്ചതും മൂന്ന് നിയമസഭാംഗങ്ങള്‍ മരിച്ചതും സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കാരണമായി.