ന്യൂഡൽഹി : 1000 ത്തിന്‍റെയും 500 ന്‍റെയും കറൻസി നോട്ടുകൾ അസാധുവാക്കിയ, കേന്ദ്രസർക്കാരിന്‍റെ 2016ലെ തീരുമാനത്തെ ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്‌ച വിധി പറയും. ജനുവരി 4 ന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുക. ശൈത്യകാല അവധിക്ക് ശേഷം നാളെയാണ് സുപ്രീം കോടതി തുറക്കുന്നത്.
വിഷയത്തില്‍ രണ്ട് വ്യത്യസ്‌ത വിധികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി വി നാഗരത്‌ന എന്നിവർ വിധികള്‍ പ്രഖ്യാപിക്കും. വിധികള്‍ അനുകൂലമാണോ പ്രതികൂലമാണോ എന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ നസീർ, ഗവായ്, നാഗരത്‌ന, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
2016 ലെ സർക്കാരിന്‍റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ ഹാജരാക്കാന്‍ സുപ്രീം കോടതി ഡിസംബർ 7 ന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും നിർദേശിക്കുകയും വിധി പറയുന്നത് നീട്ടുകയും ചെയ്‌തിരുന്നു. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, ആർബിഐയുടെ അഭിഭാഷകൻ, ഹര്‍ജിക്കാരുടെ അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരുൾപ്പടെയുള്ളവരുടെ വാദം കേട്ടു.
500, 1000 രൂപ കറൻസി നോട്ടുകൾ അസാധുവാക്കിയത് ആഴത്തിലുള്ള പിഴവാണെന്ന് പറഞ്ഞ ചിദംബരം, നിയമപരമായ ടെൻഡറുമായി ബന്ധപ്പെട്ട ഒരു നിർദേശവും സർക്കാരിന് സ്വന്തമായി പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ആർബിഐയുടെ സെൻട്രൽ ബോർഡിന്‍റെ ശുപാർശയിൽ മാത്രമേ അത് ചെയ്യാൻ കഴിയൂ എന്നും വാദിച്ചു. 2016ലെ നോട്ട് അസാധുവാക്കൽ നടപടി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ ശ്രമത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
കള്ളപ്പണം, തീവ്രവാദ ധനസഹായം, നികുതിവെട്ടിപ്പ് എന്നിവയ്‌ക്കെതിരെ പോരാടാനുള്ള വലിയ തന്ത്രത്തിന്‍റെ ഭാഗമായിരുന്നുവെന്നും നോട്ട് നിരോധനം നല്ല കാര്യങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നുവെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനം താത്‌കാലികമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും രാഷ്‌ട്ര നിര്‍മാണ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് ആര്‍ബിഐ നേരത്തെ കോടതിയെ അറിയിച്ചത്. 2016 നവംബർ 8 ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ നടപടിയെ ചോദ്യം ചെയ്‌തുള്ള 58 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.