ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമാണെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് ആരംഭിക്കണമെന്ന വേദാന്തയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം നടത്തിയത്. സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് ആരംഭിച്ചാൽ അത് ആയിരക്കണക്കിന് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ഉപകരിക്കുമെന്നും ഈ ഓക്സിജൻ രോഗികൾക്ക് സൗജന്യമായി നൽകാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ തമിഴ്നാട് സർക്കാർ വേദാന്തയുടെ യൂണിറ്റ് തുറക്കുന്നതിനെ എതിർത്തിരുന്നു. ഈ എതിർപ്പിനെ അവഗണിച്ചാണ് നാളെ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
മനുഷ്യ ജീവൻ രക്ഷിക്കണോ അതോ പരിസ്ഥിതിയെ രക്ഷിക്കണോ എന്നതിൽ പ്രാധാന്യം മനുഷ്യ ജീവന് നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത പറഞ്ഞു. വേദാന്തയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്. അദ്ദേഹത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി നാളെ വാദം കേൾക്കാൻ തീരുമാനിച്ചത്. കോടതി അനുവദിച്ചാൽ മൂന്ന് ദിവസത്തിനകം ഓക്സിജൻ വിതരണം നടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നേരത്തെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 മെയിൽ വേദാന്തയുടെ പ്ലാന്‍റ് അടച്ചുപൂട്ടിയത്.