ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവും വിചാരണയും പുനരാരംഭിക്കാൻ ബോംബെ ഹൈക്കോടതിയോട് നിർദേശിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസിന്‍റെ പുരോഗതി നിരീക്ഷിക്കുന്നത് തുടരേണ്ടതില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് മകൾ മുക്ത ധബോല്‍ക്കർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. വിഷയത്തിൽ ഇടപെടാൻ കോടതിക്ക് താൽപര്യമില്ലെന്ന് ജസ്‌റ്റിസുമാരായ വിക്രംനാഥ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. (SC Refuses Plea for Bombay HC to Monitor Narendra Dabholkar Case)
കേസിലെ വലിയ ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തുന്നതിന് മുമ്പ് ഹൈക്കോടതി കേസ് മേൽനോട്ടം വഹിക്കുന്നത് നിർത്തിയിരിക്കുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. സിബിഐയെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വിചാരണയുടെ ഭാഗമായുള്ള ക്രോസ് വിസ്‌താരം തുടരുകയാണെന്നും, വിചാരണ ഉടന്‍ അന്തിമ ഘട്ടത്തിലെത്തുമെന്നും, ഏജൻസി കേസ് ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.
2021 സെപ്റ്റംബറിൽ അഞ്ച് പ്രതികൾക്കെതിരെയും കുറ്റം ചുമത്തി വിചാരണ ആരംഭിച്ചു. പ്രതികളായ അഞ്ച് പേർക്കെതിരെ സിബിഐ കുറ്റപത്രവും സമർപ്പിച്ചിരുന്നു. 2015 ഓഗസ്‌റ്റ് മുതൽ ഹൈക്കോടതി അന്വേഷണം നിരീക്ഷിച്ചുവരികയാണ്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി എന്ന അന്ധവിശ്വാസ വിരുദ്ധ സംഘടനയുടെ സ്ഥാപകനും തലവനുമായ നരേന്ദ്ര ധബോല്‍ക്കർ 2013 ഓഗസ്‌റ്റിലാണ് വെടിയേറ്റ് മരിച്ചത്.