ന്യൂഡൽഹി: സർക്കാരിന്‍റെ എഴുത്തുപരീക്ഷയിൽ വിജയിച്ച ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഐആർപിഎഫ് സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ്, ഡൽഹി, ദാമൻ & ദിയു, ദാദ്ര & നാഗർ ഹവേലി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് പൊലീസ് എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ താത്കാലികമായി അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഭിന്നശേഷിക്കാരെ സേവനങ്ങളിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള എൻജിഒ ആയ നാഷണൽ പ്ലാറ്റ്‌ഫോം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് അഭയ് എസ്. ഓക്കയും എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഏപ്രിൽ 1 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി നേരിട്ടോ തപാൽ വഴിയോ അപേക്ഷകൾ സ്വീകരിക്കാൻ സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ യുപിഎസ്‌സി സെക്രട്ടറി ജനറലിന് നിർദേശം നൽകി. വിഷയത്തിൽ രണ്ടാഴ്‌ചക്കകം മറുപടി പറയാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി. വിഷയത്തിൽ കേന്ദ്ര സർക്കാർ അഭിപ്രായം അറിയിക്കുമെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ഓഫ് ഇന്ത്യ കെ.കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും പറഞ്ഞു.
ഹർജിയിലെ നിയമനടപടികളുടെ ഫലം അനുസരിച്ച് അപേക്ഷകൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിയിൽ അടുത്ത വാദം ഏപ്രിൽ 18ന് കേൾക്കും. എന്നാൽ നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ തടസമില്ലാതെ തുടരുമെന്ന് കോടതി പറഞ്ഞു.
പരീക്ഷകളിൽ വിജയിച്ചവർ മാർച്ച് 24ന് വൈകുന്നേരത്തിനകം അവരുടെ മുൻഗണനകൾ ഫയൽ ചെയ്യണം. എന്നാൽ അതിനുള്ള സമയപരിധി ഒന്നോ രണ്ടോ ആഴ്‌ച നീട്ടണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു.
Also Read: ദേശീയ പണിമുടക്ക്; കേരളത്തില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ സമാന സാഹചര്യം