ന്യൂഡല്‍ഹി : ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് എന്‍സിപി നേതാവ് മുഹമ്മദ് ഫൈസലിനോട് സുപ്രീം കോടതി. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും എംപിയായി അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.തന്നെ അയോഗ്യനാക്കി കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകൻ കെആർ ശശിപ്രഭു മുഖേനയാണ് മുഹമ്മദ് ഫൈസല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് ചോദിച്ചു. മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള എന്‍സിപി നേതാവിന്‍റെ അവകാശം ഇല്ലാതാക്കുകയാണെന്ന് കോടതിയുടെ ചോദ്യത്തിന് അഭിഭാഷകനായ കെആർ ശശിപ്രഭു മറുപടി പറഞ്ഞു. മുഹമ്മദ് ഫൈസലിനെതിരെയുണ്ടായ നടപടി തികച്ചും ഏകപക്ഷീയമാണെന്നും അഭിഭാഷകന്‍ വാദിച്ചു. വിഷയത്തില്‍ ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്ത ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നിലപാട് തെറ്റാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് ബഞ്ച് ചോദിച്ചു. വിഷയം സുപ്രീം കോടതി ഇതിനകം പരിഗണിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. മുഹമ്മദ് ഫൈസല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചത്. തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുകൊണ്ട് നിലവില്‍ നടക്കുന്ന ലോക്‌സഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
more read: മുഹമ്മദ് ഫൈസലിന് ആശ്വസിക്കാം, വധശ്രമ കേസില്‍ വിധി മരവിപ്പിച്ച് ഹൈക്കോടതി
ഭരണഘടന 32ാം വകുപ്പ് പ്രകാരം ഇടപെടല്‍ നടത്തണമെന്ന് ഫൈസല്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനുവരി 25നാണ് ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്‌ത് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. കേസില്‍ ബുധനാഴ്‌ച കോടതി വീണ്ടും വാദം കേള്‍ക്കും. വധശ്രമക്കേസില്‍ പത്ത് വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
also read: മഞ്ഞുരുകുന്നതും സമുദ്രജലത്തിന് ചൂടേറുന്നതും അന്‍റാർട്ടിക്കയിലെ ഹിമാനികളുടെ വേഗം കൂട്ടുന്നു ; പഠനങ്ങൾ
2009ലാണ് മുഹമ്മദ് ഫൈസലിനെതിരെയുള്ള കേസിനാസ്‌പദമായ സംഭവം. മുന്‍ കോണ്‍ഗ്രസ് നേതാവായ പിഎം സഈദിന്‍റെ മകളുടെ ഭര്‍ത്താവായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് മുഹമ്മദ് ഫൈസലിനെതിരെയുള്ള കേസ്.
ഫൈസലിനൊപ്പം സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവര്‍ക്കെതിരെയും ശിക്ഷ വിധിച്ചിരുന്നു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇടെയായിരുന്നു സംഭവം. കേസ് പരിഗണിച്ച കവരത്തി ജില്ല സെഷന്‍സ് കോടതി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. കോടതി വിധി വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.