ന്യൂഡൽഹി : ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. തിഹാർ ജയിലിൽ ഇന്നലെ പുലർച്ചെ കുഴഞ്ഞുവീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിൽ സത്യേന്ദർ ജെയിനിനെ കഴിഞ്ഞ വർഷം മെയ് 30ന് ഇഡി അറസ്റ്റ് ചെയ്‌തു. 2017ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ആരോഗ്യപരമായ കാരണങ്ങളാൽ ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ജെയിനിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി തിങ്കളാഴ്‌ച സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വെള്ളിയാഴ്‌ച വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
മെയ് 18 ന് ജെയിനിന്‍റെ ഹർജിയിൽ സുപ്രീം കോടതി ഇഡിയുടെ പ്രതികരണം തേടിയിരുന്നു. ജയിലിൽ വച്ച് ജെയിൻ 35 കിലോ കുറഞ്ഞുവെന്നും നിരവധി അസുഖങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഏപ്രിൽ ആറിന് ഡൽഹി ഹൈക്കോടതി ജെയിനിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജയിൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. 2022ൽ സത്യേന്ദർ ജെയിനും ഭാര്യയ്ക്കും മറ്റ് എട്ട് പേർക്കുമെതിരായ ഇഡി കേസ് വിചാരണ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
Also read: തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു; സത്യേന്ദർ ജെയിന്‍റെ നില ഗുരുതരം
സത്യേന്ദർ ജെയിന് എതിരെയുള്ള കേസ് : 2022 മെയ് 30നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്‌തത്. 2015-2016 കാലയളവിൽ തന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു കേസ്. എന്നാൽ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു ആം ആദ്‌മി പാർട്ടി ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട്, സത്യേന്ദർ ജെയിനുമായി ബന്ധമുള്ള പത്തോളം ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്‌ഡ് നടത്തി.
ജയിലിൽ വിഐപി പരിഗണനയെന്ന് വിമർശനം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിനിന് തിഹാർ ജയിലിൽ ലഭിക്കുന്നത് ആഡംബര സൗകര്യങ്ങളാണെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ കുറച്ച് നാൾ മുൻപ് പുറത്ത് വന്നിരുന്നു. സെല്ലിനുള്ളിൽ ഇരുന്ന് സത്യേന്ദർ ജെയിൻ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയിലിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ജയിലിൽ ആയതോടെ അദ്ദേഹത്തിന്‍റെ ശരീരഭാരം 28 കിലോ കുറഞ്ഞു എന്നും കാട്ടി പരാതി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു വീഡിയോ പുറത്തുവന്നത്.
വീഡിയോക്കെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത് പോലെയാണ് പരിചാരകൻ സത്യേന്ദർ ജെയിനിന് ഭക്ഷണം വിളമ്പുന്നത്. ഹവാലക്കാർക്ക് ശിക്ഷയല്ല വിവിഐപി സുഖ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് കെജ്‌രിവാൾ ജി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വീഡിയോ പങ്കുവച്ചുകൊണ്ട് വിർമശനം ഉന്നയിച്ചിരുന്നു.