ന്യൂഡല്‍ഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി (ഇസി) നിയമിച്ച നടപടിക്രമത്തെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. അരുണ്‍ ഗോയലിന്‍റെ നിയമന ഫയലുകള്‍ സുപ്രീം കോടതി പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ഇന്നലെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടത്.
അരുണ്‍ ഗോയലിന്‍റെ നിയമനം സംബന്ധിച്ച വിഷയത്തില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്‍റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പറഞ്ഞു. ഗോയലിന്‍റെ നിയമനം തിടുക്കത്തിലായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും അദ്ദേഹത്തിന്‍റെ ഫയൽ നിയമ മന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ അരുണ്‍ ഗോയലിന്‍റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായി കോടതി പറഞ്ഞു.
നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങളും പരിശോധിക്കാതെ നിരീക്ഷണങ്ങൾ നടത്തരുതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയോട് ആവശ്യപ്പെട്ടു. വാദത്തിനിടെ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സബ്‌മിഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അറ്റോർണി ജനറൽ രോഷാകുലനാകുകയാണ് ചെയ്‌തത്. 'നിങ്ങള്‍ കോടതിയെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം. വ്യക്തിയെ കുറിച്ചല്ല പ്രക്രിയയെ കുറിച്ചാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്', ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അജയ് രസ്‌തോഗി അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണിയോട് പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൻ ബാധ്യസ്ഥനാണെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി പറഞ്ഞു. ഗോയലിന്‍റെ പ്രൊഫൈലാണ് പ്രധാനമെന്നും സ്വമേധയാ വിരമിക്കുന്നതിലല്ല കാര്യമെന്നും അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു. 1991ലെ നിയമത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി ആറുവർഷമാണെന്നും ആ പദവി വഹിക്കുന്നയാൾ നിശ്ചിത കാലയളവ് പൂർത്തിയാക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു.
ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന തരത്തിലല്ല നിയമമന്ത്രി പാനലിലെ നാലു പേരെയും തെരഞ്ഞെടുത്തത് എന്ന് ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതി ബുധനാഴ്‌ച നൽകിയ നിർദേശപ്രകാരം കേന്ദ്രസർക്കാർ ബെഞ്ചിന് മുമ്പാകെ ഹാജരാക്കിയ ഗോയലിന്‍റെ നിയമന ഫയൽ കോടതി പരിശോധിച്ചു.
വിരമിച്ചതിന് തൊട്ടു പിന്നാലെ നിയമനം: നവംബര്‍ 21നാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെ ആയിരുന്നു അരുണ്‍ ഗോയലിന്‍റെ നിയമനം. ഘനവ്യവസായ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്ന ഗോയലിനെ സ്വമേധയാ വിരമിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു എന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിന് തൊട്ടടുത്ത ദിവസമാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്.