ന്യൂഡൽഹി : സിബിഎസ്ഇയും മറ്റ് ബോർഡുകളും ഈ വർഷം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ ഓഫ്‌ലൈൻ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി തെറ്റായതും അകാലത്തിലുള്ളതുമാണെന്നും വിവിധ ബോർഡുകളുടെ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ ഇതുവരെ ഉചിതമായ തീരുമാനമെടുത്തിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്.
ഇത്തരം ഹർജികൾ പരീക്ഷ എഴുതാൻ പോകുന്നവർക്ക് തെറ്റായ പ്രതീക്ഷയാണ് നൽകുന്നത്. വിദ്യാർഥികളെ ഈ ഹർജി തെറ്റായ വഴിയില്‍ നയിക്കും.വിഷയത്തില്‍ അധികൃതര്‍ തീരുമാനമെടുക്കട്ടെ. അത് തെറ്റാണെങ്കിൽ വെല്ലുവിളിക്കാം. ഹര്‍ജിക്കാര്‍ എല്ലാം മുൻകൂട്ടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷവും കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ മുൻപ് ഇടപെട്ടത് കൊവിഡ് രൂക്ഷമായതിനാലാണെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യമല്ലെന്നും കോടതി വ്യക്‌തമാക്കി.
ALSO READ: മഹാരാഷ്‌ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് അറസ്റ്റിൽ
ഇത്തരത്തിലുള്ള ഹർജി കുട്ടികളുടെ ആത്‌മവിശ്വസം തകർക്കുന്നതാണ്. കൂടാതെ വലിയ തോതിലുള്ള ആശയക്കുഴപ്പവും സൃഷ്‌ടിക്കും. പരീക്ഷ നടത്തിപ്പിൽ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണ്. വാർത്തകൾ സൃഷ്‌ടിക്കാനായി ഹർജികൾ നൽകരുതെന്നും ഇത്തരത്തില്‍ കോടതിയെ സമീപിക്കരുതെന്നും അപേക്ഷകര്‍ക്ക് സുപ്രീം കോടതി താക്കീത് നൽകി.
കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അനുഭ ശ്രീവാസ്തവ സഹായും ഒഡിഷയിലെ ഒരു വിദ്യാർഥി സംഘടനയുമാണ് ഹര്‍ജി സമർപ്പിച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങിയതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഓഫ്‌ലൈൻ പരീക്ഷ പ്രായോഗികമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.