ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സ്ഥാനത്ത് നിന്നും നീക്കാനാകില്ലെന്ന് സുപ്രീംകോടതി. സെന്തില്‍ ബാലാജിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീംകോടതി വിധി. സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന് കേസിലാണ് മന്ത്രിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് (ED arrested Senthil Balaji).
കേസില്‍ ഇഡി അറസ്റ്റ് ചെയ്‌തിട്ടും മന്ത്രി സ്ഥാനത്ത് തുടരുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. നേരത്തെ മന്ത്രിക്കെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനോട് യോജിക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതി വിധി കുറ്റമറ്റതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ അറസ്റ്റിലായതിന് പിന്നാലെ മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രി സ്ഥാനത്ത് നീക്കിയതായി ഗവര്‍ണര്‍ ആര്‍ എന്‍ രവി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഉത്തരവ് തിരുത്തിയതായും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 136 പ്രകാരം സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ യാതൊരു ഇടപെടലിന്‍റെയും ആവശ്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.