ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശുപത്രി പ്രവേശനത്തിനും ചികിത്സക്കും മുന്‍ഗണന നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍.എസ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് 2020 ഓഗസ്റ്റ് 4 ന് പുറത്തിറക്കിയ ഉത്തരവ് പുതുക്കിയത്. കൊവിഡ് പിടിപെടാനുള്ള കൂടുതല്‍ സാധ്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സക്ക് മുന്‍ഗണന നല്‍കണമെന്ന് ഉത്തരവുണ്ടായിരുന്നത്.
ഒഡിഷയും പഞ്ചാബും ഒഴികെ മറ്റൊരു സംസ്ഥാനവും സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ച് നടപടി സ്വീകരിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അശ്വനി കുമാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. നേരത്തെ വിഷയം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് അശ്വനി കുമാറായിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് മൂന്നാഴ്‌ചത്തെ സമയം സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശമനുസരിച്ചുള്ള പ്രത്യേക നടപടി ക്രമം സംസ്ഥാന സര്‍ക്കാറുകള്‍ പുറത്തിറക്കണമെന്നും വാദത്തിനിടെ അശ്വനി കുമാര്‍ വ്യക്തമാക്കി.
അര്‍ഹരായ വയോധികര്‍ക്ക് മുടങ്ങാതെ പെന്‍ഷന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ആവശ്യമായ മരുന്നുകളും, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.