ന്യൂഡൽഹി: ഡാമിന്‍റെ ഭരണകാര്യങ്ങൾ നോക്കാനല്ല, ജനങ്ങളുടെ സുരക്ഷ നോക്കാനാണ് കോടതിയെന്ന് മുല്ലപ്പെരിയാറിൽ സുപ്രീംകോടതി. മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അണക്കെട്ടിനെ സംബന്ധിക്കുന്ന ജലനിരപ്പ്, നീരൊഴുക്ക് തുടങ്ങിയ ഭരണപരമായ കാര്യങ്ങൾ വിദഗ്‌ധ സമിതി തീരുമാനിക്കുമെന്നും സുപ്രീംകോടതി ചൊവ്വാഴ്‌ച അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും കോടതിയെ സമീപിക്കരുതെന്നും കോടതിയെ രാഷ്‌ട്രീയ നേട്ടത്തിനുള്ള വേദിയാക്കരുതെന്നും നേരത്തെ കോടതി ഇരു സംസ്ഥാനങ്ങളോടും വ്യക്തമാക്കിയിരുന്നു.
പരിഗണിക്കേണ്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. പരിഗണന വിഷയങ്ങൾ കണ്ടത്താൻ ഒരു സംയുക്ത യോഗം ചേരാനും അഭിഭാഷകരോട് കോടതി നിർദേശിച്ചു. അടുത്തമാസം 4ന് മുൻപ് കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിച്ച് കോടതിയെ അറിയിക്കണമെന്നാണ് നിർദേശം. കേസ് വീണ്ടും മാറ്റിവച്ച കോടതി ഫെബ്രുവരി രണ്ടാം വാരത്തിൽ വീണ്ടും വാദം കേൾക്കും.