ന്യൂഡല്‍ഹി: മൂന്നുമാസമോ അതിലധികമോ ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വിമർശനം കടുത്തതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറായത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരുമെന്നും എസ്.ബി.ഐ അറിയിച്ചു.
നിർദേശങ്ങൾ വ്യക്തമല്ലാത്തതോ പഴയതോ ആയതുകൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, പുതുക്കിയ നിര്‍ദേശങ്ങളെ സ്ത്രീകളോടുള്ള വിവേചനമായി ചില മാധ്യമങ്ങളില്‍ വ്യാഖ്യാനിയ്‌ക്കുകയുണ്ടായി. ഏകദേശം 25 ശതമാനം വരുന്ന വനിത ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനും എസ്.ബി.ഐ സജീവമായി ഇടപെടുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ALSO READ: ആൽവാർ ബലാത്സംഗക്കേസ്: പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഫൊറൻസിക് റിപ്പോർട്ട്
ഈ തീരുമാനം വന്‍ വിവാദമാവുകയും തുടര്‍ന്ന് ഡല്‍ഹി വനിത കമ്മിഷന്‍ ഇടപെടുകയും ചെയ്‌തിരുന്നു. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്നായിരുന്നു നിര്‍ദേശം. ചീഫ് ജനറല്‍ മാനേജര്‍ മേഖല ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക എസ്.ബി.ഐ തയ്യാറാക്കുന്നത്.