ഹൈദരാബാദ്: 2023ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്‌മിന്‍റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി എന്നിവര്‍ക്ക് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ദേശീയ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് (Satwik And Chirag To Get Khel Ratna Award).
2024 ജനുവരി 9 ന് ഡല്‍ഹിയിലെ രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌നം പുരസ്‌കാരം. കഴിഞ്ഞ 4 വര്‍ഷമായി കായിക രംഗത്ത് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന താരങ്ങള്‍ക്കാണ് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാര്‍ഡുകള്‍ ലഭിക്കുക. ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരജോഡികള്‍ ആദ്യമായാണ് ഖേല്‍രത്‌ന പുരസ്‌കാരം സ്വന്തമാക്കുന്നത് (Sports Award 2023 Announced).
കായിക പ്രകടനത്തിലൂടെ ഇരുവരും വളരെയധികം ശ്രദ്ധേയരാണ്. ഖേല്‍രത്‌ന പുരസ്‌കാരം കൂടാതെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ താരങ്ങള്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കലവും കരസ്ഥമാക്കിയ താരങ്ങളാണ് ഇരുവരും.
യുവാക്കള്‍ക്ക് പ്രചോദനമാകും ഈ നേട്ടം: 'അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിരാഗ് ഷെട്ടി പറഞ്ഞു. ഒരു കായിക താരം എന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചത് തനിക്ക് വലിയ ബഹുമതിയാണ്. മെഡലുകളും ഇത്തരത്തിലുള്ള വലിയ ബഹുമതികളും നേടാന്‍ വേണ്ടിയാണ് നാമെല്ലാരും പരിശ്രമിക്കുന്നത്. ഈ നേട്ടത്തില്‍ ഞാന്‍ വളരെ സന്തുഷ്‌ടനാണെന്നും' ചിരാഗ് ഷെട്ടി പറഞ്ഞു. യുവാക്കള്‍ക്ക് കായിക രംഗത്തേക്ക് കടന്നുവരാന്‍ തങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഡ്‌മിന്‍റണ്‍ ലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ ഈ ചരിത്ര നേട്ടത്തിലൂടെ സാധിക്കുമെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു (Satwik And Chirag To Get Major Dhyan Khel Ratna award).
ശരത് കമൽ, സ്റ്റാർ പാഡ്ലർ അചന്ത ശരത് കമൽ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, ജിഎം വിശ്വനാഥൻ ആനന്ദ്, നീരജ് ചോപ്ര, രോഹിത് ശർമ, വിരാട് കോഹ്‌ലി, സുനിൽ ഛേത്രി, ബോക്‌സർ മേരി കോം, പിവി സിന്ധു, സൈന നെഹ്‌വാൾ എന്നിവര്‍ക്കൊപ്പം ഉയരാന്‍ പുരസ്‌കാരത്തിലൂടെ ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിക്കും സാധിച്ചു.
അര്‍ജുന അവാര്‍ഡ് 26 പേര്‍ക്ക്: ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ എന്നിവര്‍ അടക്കം 26 പേര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. മലയാളിയായ ലോങ് ജംപ് താരം ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കാനായതില്‍ കേരളക്കര മുഴുവന്‍ സന്തോഷത്തിലാണ്. ചൈനയിലെ ഹാങ് ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയാണ് ശ്രീശങ്കര്‍ തന്‍റെ പ്രകടനം കാഴ്‌ച വച്ചത്. തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീ ശങ്കര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
പാരീസില്‍ നടന്ന ഡയമണ്ട് ലീഗില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ശ്രീശങ്കര്‍. നിലവില്‍ ലോങ് ജംപില്‍ ലോകത്തെ നാലാം റാങ്കുകാരനാണ് ശ്രീശങ്കര്‍. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ വെള്ളി മെഡലും 2021ല്‍ അമേരിക്കയിലെ ലോക ചാമ്പ്യന്‍ ഷിപ്പില്‍ നേടിയ ഏഴാം സ്ഥാനവുമൊക്കെ ശ്രീ ശങ്കറിന്‍റെ മികച്ച നേട്ടങ്ങളാണ്. 2023 ജൂണില്‍ ഭുവനേശ്വറില്‍ ദേശീയ റിക്കാര്‍ഡിനടുത്തെത്തിയ ശ്രീശങ്കര്‍ 2024 ലെ പാരീസ് ഒളിമ്പിക്‌സ് നിലവില്‍ ലക്ഷ്യമിട്ട് കഠിന പരിശീലനം തുടരുകയാണ്.
മേജർ ധ്യാൻ ഖേൽ രത്‌ന അവാർഡ് ജേതാക്കള്‍:
താരം | ഇനം |
ശരത് കമൽ | ടേബിൾ ടെന്നീസ് |
മൻപ്രീത് സിങ് | ഹോക്കി |
സുനിൽ ഛേത്രി | ഫുട്ബോൾ |
മിതാലി രാജ് | ക്രിക്കറ്റ് |
മനീഷ് നർവാൾ | പാരാലിമ്പിക് ഷൂട്ടിങ് |
കൃഷ്‌ണ നഗർ | പാരാ ബാഡ്‌മിന്‍റണ്‍ |
പ്രമോദ് ഭഗത് | പാരാ ബാഡ്‌മിന്‍റണ്‍ |
സുമിത് ആന്‍റിൽ | പാരാ അത്‌ലറ്റിക്‌സ് |
ആവണി ലേഖര | പാരാലിമ്പിക് ഷൂട്ടിങ് |
പി.ആർ ശ്രീജേഷ് | ഹോക്കി |
ലോവ്ലിന ബോർഗോഹെയ്ൻ | ബോക്സിങ് |
രവികുമാർ ദഹിയ | ഫ്രീസ്റ്റൈൽ ഗുസ്‌തി |
നീരജ് ചോപ്ര | അത്ലറ്റിക്സ് |
റാണി രാംപാൽ | ഹോക്കി |
രോഹിത് ശർമ്മ | ക്രിക്കറ്റ് |
മാരിയപ്പൻ തങ്കവേലു | പാരാലിമ്പിക്സ് ഹൈജമ്പ് |
മനിക ബത്ര | ടേബിൾ ടെന്നീസ് |
വിനേഷ് ഫോഗട്ട് | ഫ്രീസ്റ്റൈൽ ഗുസ്‌തി |
ബജ്‌റംഗ് പുനിയ | ഫ്രീസ്റ്റൈൽ ഗുസ്‌തി |
ദീപ മാലിക് | പാരാലിമ്പിക് (ഷോട്ട്പുട്ട്, ജാവലിൻ, മറ്റുള്ളവ) |
വിരാട് കോലി | ക്രിക്കറ്റ് |
സൈഖോം മീരാഭായ് ചാനു | ഭാരോദ്വഹനം |
സർദാര സിങ് | ഹോക്കി |
ദേവേന്ദ്ര ജജാരിയ | പാരാലിമ്പിക് ജാവലിൻ |
പി.വി സിന്ധു | ബാഡ്‌മിന്‍റണ്‍ |
സാക്ഷി മാലിക് | ഫ്രീസ്റ്റൈൽ ഗുസ്‌തി |
ജിതു റായ് | ഷൂട്ടിങ് |
ദീപ കർമാകർ | ജിംനാസ്റ്റിക്സ് |
സാനിയ മിർസ | ടെന്നീസ് |
റോഞ്ജൻ സോധി | ഷൂട്ടിങ് |
യോഗേശ്വർ ദത്ത് | ഫ്രീസ്റ്റൈൽ ഗുസ്‌തി |
വിജയകുമാർ | ഷൂട്ടിങ് |
ഗഗൻ നാരംഗ് | ഷൂട്ടിങ് |
സൈന നെഹ്‌വാൾ | ബാഡ്‌മിന്‍റണ്‍ |
സുശീൽ കുമാർ | ഫ്രീസ്റ്റൈൽ ഗുസ്‌തി |
വിജേന്ദർ സിങ് | ബോക്സിങ് |
മേരി കോം | ബോക്സിങ് |
മഹേന്ദ്ര സിങ് ധോണി | ക്രിക്കറ്റ് |
മാനവ്ജിത് സിങ് സന്ധു | ഷൂട്ടിങ് |
പങ്കജ് അദ്വാനി | ബില്ല്യാർഡ്സ് ആന്‍ഡ് സ്‌നൂക്കര്‍ |
രാജ്യവർദ്ധൻ സിങ് റാത്തോഡ് | ഷൂട്ടിങ് |
അഞ്ജു ബോബി ജോർജ് | അത്ലറ്റിക്സ് |
അഞ്ജലി ഭഗവത് | ഷൂട്ടിങ് |
കെ.എം ബീനാമോൾ | അത്ലറ്റിക്സ് |
അഭിനവ് ബിന്ദ്ര | ഷൂട്ടിങ് |
പുല്ലേല ഗോപിചന്ദ് | ബാഡ്‌മിന്‍റണ്‍ |
ധനരാജ് പിള്ള | ഹോക്കി |
ജ്യോതിർമയി സിക്ദർ | അത്ലറ്റിക്സ് |
സച്ചിൻ ടെണ്ടുൽക്കർ | ക്രിക്കറ്റ് |
ലിയാണ്ടർ പേസ് | ടെന്നീസ് |
നമീരക്‌പം കുഞ്ഞറാണി | ഭാരോദ്വഹനം |
കർണം മല്ലേശ്വരി | ഭാരോദ്വഹനം |
പുഷ്പേന്ദ്ര കുമാർ ഗാർഗ് | യാച്ചിങ് (ടീം ഇവന്‍റ്) |
ഹോമി മോട്ടിവാല | യാച്ചിങ് (ടീം ഇവന്‍റ്) |
ഗീത് സേഥി | ബില്യാർഡ്സ് |
വിശ്വനാഥൻ ആനന്ദ് | ചെസ് |