ബെംഗളുരു: കർണാടകയിലെ ശിവമോഗയിൽ വനഭൂമി കയ്യേറ്റം തടയുന്നതിനായി സുപ്രധാന നീക്കവുമായി വനം വകുപ്പ്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റത്തിനെതിരെ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി കർണാടക സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആപ്ലിക്കേഷൻ സെന്‍ററുമായി (കെഎസ്ആർഎസ്എസി) സഹകരിച്ച് നൂറുകണക്കിന് കേസുകൾ ഇതിനകം കൈയേറ്റക്കാർക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വനഭൂമി കയ്യേറ്റ കേസുകൾ സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് 50 വർഷത്തിലേറെയായി ദശലക്ഷക്കണക്കിന് ഹെക്ടർ വനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതിനെതിരെയാണ് വനംവകുപ്പിന്‍റെ പുതിയ പദ്ധതി. വനഭൂമിയിൽ എന്തെങ്കിലും മാറ്റങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ പ്രാദേശിക വനം ഉദ്യോഗസ്ഥർക്ക് കർണാടക സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആപ്ലിക്കേഷൻ സെന്‍റർ സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള വനഭൂമി ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ സാറ്റ്‌ലൈറ്റ് അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ കെഎസ്ആർഎസ്എസി ഓരോ 21 ദിവസത്തിന് ശേഷവും കൈമാറുന്നു.
ഇതിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുകയാണെങ്കിൽ ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സന്ദേശം ഉദ്യോഗസ്ഥർക്ക് സർവേ നമ്പറും ആ പ്രദേശത്തെ അടയാളവും ചേർത്ത് അയയ്ക്കും. നിലവിലുള്ള ഭൂരേഖകൾ 80 ശതമാനത്തിലധികവും ഇതിനോടകം തന്നെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.