മംഗളുരു: ഹിന്ദു മഹാസഭയുടെ സ്ഥാപകനും ഹിന്ദുത്വ രാഷ്‌ട്ര വാദിയുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെയും മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും ഫ്ലക്‌സും സ്ഥാപിച്ചതിൽ കർണാടകയിൽ വിവാദം തുടരുന്നു. മംഗലാപുരത്തും തുമകുരുവിലും സവർക്കറുടെ ചിത്രമടങ്ങിയ ഫ്ലക്‌സ് സ്ഥാപിച്ച സംഭവം വിവാദമായതിന് പിന്നാലെ വ്യാഴാഴ്‌ച ബൈകംപാടിയിൽ ഗോഡ്‌സെയുടെ ചിത്രമടങ്ങിയ ഫ്ലക്‌സ് ഉയർന്നു.
ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് അഖിലേന്ത്യ ഹിന്ദു മഹാസഭ കർണാടക പ്രസിഡന്‍റ് രാജേഷ് പവിത്രനാണ് ബൈകംപാടിയിൽ ഫ്ലക്‌സ് ഉയർത്തിയത്. രാജേഷ് പവിത്രന്‍റെ ഫോട്ടോയും ബാനറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കളെ സൈനികവത്കരിക്കാനും രാഷ്‌ട്രീയത്തിൽ ഹിന്ദുത്വത്തെ ഉൾപ്പെടുത്താനും ബാനറിൽ ആഹ്വാനം ചെയ്യുന്നു.
നേരത്തെ സ്വാതന്ത്ര്യദിനത്തിൽ ശിവമോഗയിൽ സവർക്കറുടെ ഫ്ലക്‌സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് കുത്തേൽക്കുകയും ശിവമോഗ നഗരത്തിൽ സെക്ഷൻ 144 നടപ്പിലാക്കുകയും ചെയ്‌തിരുന്നു. ശിവമോഗയിൽ നിരോധനാജ്ഞ ഇന്നും തുടരും.
ഇതിനോട് അടുത്തുകിടക്കുന്ന ഉഡുപ്പി ജില്ലയിലും സവർക്കറുടെ ബോർഡുകൾ ഉയർന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിലെ ഛായാചിത്രത്തിൽ ബിജെപി നേതാവ് യശ്‌പാൽ സുവർണ പുഷ്‌പഹാരം ചാർത്തുകയും ചെയ്‌തു.
ഓഗസ്റ്റ് 14ന് മംഗലാപുരം സൂറത്കൽ ജങ്ഷനിലെ മേൽപ്പാലത്തിൽ സവർക്കറുടെ ചിത്രമടങ്ങിയ ബാനർ സ്ഥാപിച്ചതിനെതിരെ എസ്‌ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എസ്‌ഡിപിഐ പ്രവർത്തകർ ഇത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രതിഷേധത്തെ തുടർന്ന് അന്നുതന്നെ സൂറത്കൽ കോർപറേഷൻ ഇത് നീക്കം ചെയ്യുകയുമുണ്ടായി.
തുമകുരുവിൽ കോളജിന് മുന്നിൽ സവർക്കറുടെ ഫ്ലക്‌സ്: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ തുമകുരുവിലെ എംപ്രസ് കോളജിന് മുന്നിൽ സ്ഥാപിച്ച സവർക്കറുടെ ഫോട്ടോ പതിച്ച ഫ്ലക്‌സ് ഒരു സംഘം ആളുകൾ കീറിക്കളഞ്ഞിരുന്നു. അജ്ഞാതരാണ് ഫ്ലക്‌സ് സ്ഥാപിച്ചതിന് പിന്നിലെന്നും സംഘർഷം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കേസ് എടുത്തിട്ടുണ്ടെന്നും തുമകുരു എസ്.പി രാഹുൽകുമാർ പറഞ്ഞു.
എന്നാൽ ഫ്ലക്‌സ് കീറിക്കളഞ്ഞ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദൾ പ്രവർത്തക സംഘടനയും ചേർന്ന് സവർക്കറുടെ കൂറ്റൻ ഫ്ലക്‌സ് വീണ്ടും സ്ഥാപിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്‌സിൽ ഗാന്ധിജിയുടെ ഫോട്ടോയ്‌ക്ക് മുകളിൽ ഗോഡ്‌സെയുടെ ചിത്രം പതിപ്പിച്ച സംഭവവും തുമകുരുവിൽ നിന്നും പുറത്തുവന്നിരുന്നു. മധുഗിരി നഗരത്തിലെ ദണ്ഡിന മാരാമമ്മ ക്ഷേത്രത്തിന് സമീപമായിരുന്നു ഗാന്ധി ചിത്രത്തിന് മുകളിൽ ഗോഡ്‌സെയുടെ ചിത്രം സ്ഥാപിച്ചത്.
ഭഗത്‌സിങ് യൂത്ത് അസോസിയേഷൻ എന്ന സംഘടനയുടെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. എന്നാൽ ഈ നഗരത്തിൽ അങ്ങനെയൊരു സംഘടന പ്രവർത്തിക്കുന്നില്ല. ഭഗത്‌സിങ്, സർദാർ വല്ലഭായ് പട്ടേൽ, ചന്ദ്രശേഖർ ആസാദ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, കിട്ടൂർ റാണി ചെന്നമ്മ എന്നിവർക്കൊപ്പമാണ് ഗോഡ്‌സെയുടെ ചിത്രവും സ്ഥാപിച്ചത്. മധുഗിരി നഗരസഭയുടെ അനുമതിയില്ലാതെയാണ് ഫ്ലക്‌സ് സ്ഥാപിച്ചതെന്നും ഫ്ലക്‌സ് നീക്കം ചെയ്‌തതായും നഗരസഭ അധികൃതർ അറിയിച്ചു.
സ്വാതന്ത്ര്യദിനത്തിൽ ബജ്റംഗ്‌ദൾ, വിശ്വഹിന്ദുപരിഷത്ത് പ്രവർത്തകർ ശിവമോഗയിലെ മുസ്ലീം പള്ളിയോട് ചേർന്ന അമീർ അഹ്മദ് സർക്കിളിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ചില മുസ്ലീം വിഭാഗക്കാർ ഇടപെട്ട് മാറ്റിക്കുകയും അതേ സ്ഥലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്‍റെ ചിത്രമുള്ള ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.