ഗുരുഗ്രാം (ഹരിയാന) : സൈന്യത്തില്‍ യാദവ വിഭാഗത്തിനായി പ്രത്യേക റെജിമെന്‍റ് രൂപീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത അഹിർ റെജിമെന്‍റ് മോർച്ച ബുധനാഴ്‌ച നടത്തിയ പ്രതിഷേധ മാർച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍. ദേശീയപാത 48ലെ ഖേർക്കി ദൗല ടോൾ പ്ലാസ മുതൽ ഹീറോ ഹോണ്ട ചൗക്ക് വരെയാണ് പ്രതിഷേധക്കാര്‍ കാല്‍നട ജാഥ സംഘടിപ്പിച്ചത്. മാർച്ചിനെ തുടർന്ന് ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കേന്ദ്ര സഹമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിങ്, രാജ്യസഭ എംപി ദീപേന്ദർ ഹൂഡ, മുൻ മന്ത്രി റാവു നർബീർ സിങ് എന്നിവരുള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കളും മാർച്ചിൽ അണിനിരന്നു. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് മാർച്ചിൽ പങ്കെടുക്കാനായി എത്തിയത്. കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണം ലഭിയ്ക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംയുക്ത അഹിർ റെജിമെന്‍റ് മോർച്ച അംഗങ്ങള്‍ പറഞ്ഞു. 'ഞങ്ങൾ ഇതുവരെ നിശബ്‌ദമായാണ് പ്രതിഷേധിച്ചത്, എന്നാല്‍ വർഷങ്ങൾക്ക് മുമ്പ് ഞങ്ങള്‍ക്ക് നൽകിയ വാഗ്‌ദാനത്തിന് അധികൃതർ ഒരു വിലയും നൽകിയില്ല. ഞങ്ങൾക്ക് തെരുവിലിറങ്ങാതെ മറ്റൊരു മാർഗവുമില്ല' - മോർച്ച നേതാവ് മനോജ് കൻക്രോള പറഞ്ഞു.
പ്രത്യേക അഹിർ റെജിമെന്‍റ് രൂപീകരിയ്ക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി യാദവ വിഭാഗം ഉന്നയിയ്ക്കുന്നു. നിരവധി എംപിമാരും എംഎൽഎമാരും യാദവ വിഭാഗത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള എംപിയായ ദീപേന്ദർ ഹൂഡ നേരത്തെ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു.