അമരാവതി: സംക്രാന്തി അടുത്താൽ ആന്ധ്രാപ്രദേശിലെ പൂർവ, പശ്ചിമ ഗോദാവരി ജില്ലകളിൽ കോഴിപ്പോര് സജീവമാണ്. പോരിനായി ഒരു വർഷത്തോളം സമയമെടുത്ത് സജ്ജമാക്കുന്ന പോര് കോഴികൾക്ക് രണ്ട് ലക്ഷം രൂപ വരെ വില ലഭിക്കും.
പശ്ചിമ ഗോദാവരി ജില്ലയിലെ വികെ രായപുരത്തെ ദഗ്ഗുമില്ലി മധുവിന്‍റെ 20 മാസം പ്രായമായ രസംഗി ഇനത്തിൽപ്പെട്ട പോര് കോഴിയ്ക്ക് 2.60 ലക്ഷം രൂപയാണ് വില. മറ്റ് ഇനങ്ങളിൽപ്പെട്ട പോര് കോഴികളെ അപേക്ഷിച്ച് വ്യത്യസ്‌തമായ ശരീരഘടനയും പോരാട്ട ശൈലിയുമാണ് രസംഗി ഇനത്തിൽപ്പെട്ട കോഴികൾക്കെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. ഗ്രീൻ ക്രോ ഇനത്തിൽപ്പെട്ട പോര് കോഴികളും ഏകദേശം 2.60 ലക്ഷം രൂപ വില വരുന്നവയാണ്.
കഴിഞ്ഞ 20 വർഷമായി മധു കോഴികളെ വളർത്തുന്നുണ്ട്. ബദാം, പിസ്‌ത, മട്ടൺ എന്നിവയാണ് മധു കോഴികൾക്ക് നൽകുന്നത്. 10 മുതൽ 15 മാസം വരെ തീറ്റ നൽകാനും സംക്രാന്തിയിലെ കോഴിപ്പോരിനായി തയാറെടുപ്പിക്കാനും ഓരോ കോഴികൾക്കും 10,000 മുതൽ 30,000 രൂപ വരെ ചെലവ് വരുമെന്ന് മധു പറയുന്നു. കോഴിയുടെ ഇനമനുസരിച്ച് 10,000 മുതൽ 50,000 രൂപ വരെ വില വരുമെങ്കിലും യുദ്ധക്കോഴികൾക്ക് ഒരു ലക്ഷം മുതൽ 2.6 ലക്ഷം വരെ വില ഉണ്ടെന്ന് മധു പറഞ്ഞു.