ന്യൂഡൽഹി: ഗുസ്‌തിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുൾപ്പെടെ തനിക്ക് നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇനി ഫെഡറേഷന്‍ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും ബ്രിജ് ഭൂഷണ്‍ ഞായറാഴ്‌ച പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷന്‍റെ പരാമർശം.
രാജ്യത്തെ ഗുസ്‌തിയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യണമെങ്കിലും അത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ചെയ്യേണ്ടത്. എനിക്ക് ഇപ്പോൾ സ്‌പോർട്‌സുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ മറ്റ് ഉത്തരവാദിത്തങ്ങളുണ്ട്. ഗുസ്‌തിയുടെ രാഷ്‌ട്രീയത്തിൽ നിന്ന് ഞാൻ വിട്ടുനിൽക്കും," ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
വിവാദങ്ങള്‍ക്കൊടുവില്‍ ഞായറാഴ്‌ചയാണ് സഞ്ജയ് സിംഗിന്റെ അധ്യക്ഷതയിലുള്ള പുതിയ ഗുസ്‌തി ഫെഡറേഷൻ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ നിയമ സംവിധാനങ്ങൾ ലംഘിച്ചു എന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്ന നിയമം സമിതി ലംഘിച്ചുവെന്നാണ് കേന്ദ്രം പറയുന്നത്.
അതേസമയം നിലവിലെ ഡബ്ല്യുഎഫ്‌ഐ (Wrestling Federation of India) തലവൻ സഞ്ജയ് സിങ് തന്‍റെ ബന്ധുവല്ലെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേർത്തു. ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് ജനാധിപത്യപരമായാണ് നടന്നതെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. "സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുകയും ഭരണസമിതി രൂപീകരിക്കുകയും ചെയ്‌തു. ഇനി സർക്കാരുമായി സംസാരിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യണമെങ്കിൽ അത് അവരുടെ (ഫെഡറേഷൻ അംഗങ്ങളുടെ) തീരുമാനമാണ്, എനിക്ക് ഒന്നും ചെയ്യാനില്ല'- മുന്‍ അധ്യക്ഷൻ വ്യക്തമാക്കി.
ഒളിമ്പ്യൻമാരായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷൺ വനിതാ കായികതാരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് തെരുവിലിറങ്ങിയിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങിന്‍റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന സഞ്ജയ് സിങിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ താൻ കായികരംഗം വിടുന്നതായി സാക്ഷി പ്രഖ്യാപിച്ചു.
ആദ്യം വേണ്ടത് നീതി, പത്മശ്രീ തിരിച്ചെടുക്കില്ലെന്ന് ബജ്‌രംഗ് പുനിയ: സാക്ഷിയുടെ വിരമിക്കലിന് പിന്നാലെ തന്‍റെ പത്മശ്രീ ബജ്‌റംഗ് പുനിയ സർക്കാരിന് തിരികെ നൽകിയിരുന്നു. ന്യൂഡൽഹിയിലെ ഒരു ഫുട്‌പാത്തിലാണ് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ബജ്‌റംഗ് പുനിയ ഉപേക്ഷിച്ചത്. താൻ പത്മശ്രീ തിരിച്ചെടുക്കില്ലെന്നും ഇന്ത്യയുടെ അഭിമാന താരം വ്യക്തമാക്കി.
'ഞാൻ പത്മശ്രീ തിരിച്ചെടുക്കില്ല. നീതി ലഭിച്ചതിന് ശേഷം മാത്രമേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കൂ' ഡബ്ല്യുഎഫ്‌ഐ സസ്‌പെൻഷനുശേഷം ബജ്‌രംഗ് പുനിയ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ബഹുമാനത്തേക്കാൾ വലുതല്ല ഒരു അവാർഡെന്നും നമുക്ക് ആദ്യം നീതി ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ഗുസ്‌തിക്കാർക്ക് നീതി ലഭിക്കണം
രാജ്യത്ത് വരാനിരിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് നീതി ലഭിക്കണമെന്ന് റെസ്‌ലിംഗ് ഫെഡറേഷന്‍റെ (ഡബ്ല്യുഎഫ്‌ഐ) സസ്‌പെൻഷന് പിന്നാലെ സാക്ഷി മാലിക്. ബ്രിജ് ഭൂഷൺ സിങിന്‍റെ അടുത്ത അനുയായിയായ സഞ്ജയ് സിങിനെ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ പെരുമാറ്റച്ചട്ടം പാലിക്കാത്തതിന് ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്‌തതോടെ കാര്യങ്ങൾ പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഇതിനിടെ തന്‍റെ പോരാട്ടം സർക്കാരിനെതിരെയല്ലെന്നും വനിതാ ഗുസ്‌തിക്കാർക്ക് വേണ്ടിയാണെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു. ”ഞാൻ ഇതുവരെ രേഖാമൂലം ഒന്നും കണ്ടിട്ടില്ല. സഞ്ജയ് സിങിനെ മാത്രമാണോ അതോ ഭരണസമിതിയിലെ മുഴുവൻ പേരെയും സസ്‌പെൻഡ് ചെയ്‌തതാണോ എന്ന് എനിക്കറിയില്ല. ഞങ്ങളുടെ പോരാട്ടം സർക്കാരുമായല്ല, വനിതാ ഗുസ്‌തിക്കാർക്കുവേണ്ടിയാണ്. ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചു, എന്നാൽ വരാനിരിക്കുന്ന ഗുസ്‌തിക്കാർക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു'- സാക്ഷി പറഞ്ഞു. സസ്‌പെൻഷനിൽ പ്രതികരിച്ച് മറ്റ് ഗുസ്‌തിക്കാരും രംഗത്തെത്തുന്നുണ്ട്. തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നുവെന്ന് വിജേന്ദർ സിംഗ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.
പാനൽ രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ട് കായിക മന്ത്രാലയം
ഗുസ്‌തി സംഘടനയെ സസ്പെൻഡ് ചെയ്‌തതിന് തൊട്ടുപിന്നാലെ, റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി പാനൽ രൂപീകരിക്കാൻ കേന്ദ്രസർക്കാർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടു. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് (ഐഒഎ) അഭ്യർത്ഥിച്ചിരിക്കുകയാണ് കായിക മന്ത്രാലയം.അടുത്ത 48 മണിക്കൂറിനുള്ളിൽ കമ്മിറ്റി രൂപീകരിക്കുമെന്നാണ് വിവരം.
ഡബ്ല്യുഎഫ്‌ഐയുടെ ഭരണത്തെയും സമഗ്രതയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് കേന്ദ്രത്തിന്‍റെ അണ്ടർ സെക്രട്ടറി തരുൺ പരീഖ് ഒപ്പിട്ട കത്തിൽ പറയുന്നു.
READ MORE: 'പ്രവര്‍ത്തനങ്ങള്‍ ചട്ടവിരുദ്ധം' ; ഗുസ്‌തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്‌ത് കായിക മന്ത്രാലയം