മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ ശിവസേന എംപി സഞ്ജയ് റാവത്ത് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്‌ച നടത്തി. സബർബൻ ബാന്ദ്രയിലെ താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'യില്‍ എത്തിയ റാവത്തിനെ ഉദ്ധവ് താക്കറെയുടെ മകനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെ സ്വീകരിച്ചു. കൂടിക്കാഴ്‌ചയ്ക്ക് ശേഷം സഞ്ജയ് റാവത്തിനൊപ്പം ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജുഡീഷ്യറിയെ സർക്കാർ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമ മന്ത്രി കിരൺ റിജിജുവിനെ താക്കറെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. അന്വേഷണ ഏജൻസികൾ കേന്ദ്ര സര്‍ക്കാരിന്‍റെ താളത്തിനൊത്ത് തുള്ളുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
'ജുഡീഷ്യറിയെ സർക്കാർ നിയന്ത്രണത്തിലാക്കാനാണ് നിയമ മന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടണം. പ്രതികാര രാഷ്‌ട്രീയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ മുംബൈ കോടതി ഉത്തരവ്. ജുഡീഷ്യറിയോട് ഞാൻ നന്ദി പറയുന്നു'- താക്കറെ പറഞ്ഞു.
താന്‍ ജയിലിൽ ആയിരുന്നപ്പോൾ ഉദ്ധവ് താക്കറെ തന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം നിന്നു എന്ന് റാവത്ത് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തന്‍റെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇത്തരമൊരു പകപോക്കൽ രാഷ്‌ട്രീയം രാജ്യത്ത് മുമ്പ് കണ്ടിട്ടില്ലെന്നും റാവത്ത് പറഞ്ഞു. ഇന്നലെ (നവംബര്‍ 9) വൈകുന്നേരമാണ് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് സഞ്ജയ് റാവത്ത് മോചിതനായത്.
മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചതോടെയാണ് റാവത്ത് ജയില്‍ മോചിതനായത്. റാവത്തിന്‍റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പത്ര ചൗൾ പുനർവികസന പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി റാവത്തിനെ അറസ്റ്റ് ചെയ്‌തത്. ഉദ്ധവ് താക്കറെയുടെ അടുത്ത വിശ്വസ്‌തനാണ് സഞ്ജയ് റാവത്ത്.