രാംപൂര്‍ (ഉത്തര്‍പ്രദേശ്) : സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ( Sanatana Dharma Controversy) തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കുമെതിരെ കേസ് (Case against Udhayanidhi Stalin Priyank Kharge). മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് മുതിര്‍ന്ന അഭിഭാഷകരായ ഹര്‍ഷ് ഗുപ്‌തയും രാം സിങ് ലോധിയും രാംപൂര്‍ കോട്വാലി സിവില്‍ ലൈന്‍ സ്റ്റേഷനിലാണ് ഇരുവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. സെപ്‌റ്റംബര്‍ നാലിന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ (Udhayanidhi Stalin) സനാതന ധര്‍മത്തെ കുറിച്ച് പ്രകോപനപരമായ പ്രസ്‌താവന നടത്തിയതായി ഹര്‍ഷ് ഗുപ്‌ത പരാതിയില്‍ ആരോപിക്കുന്നു.
'ഉദയനിധി സ്റ്റാലിന്‍ തന്‍റെ പ്രസ്‌താവനയില്‍ സനാതന ധര്‍മം ഡെങ്കിപ്പനിയും മലേറിയയും കൊറോണയും പോലെയാണെന്നും അതിനെ നശിപ്പിക്കണമെന്നും പറഞ്ഞു. കര്‍ണാടക മന്ത്രിയും, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ (Priyank Kharge) ഉദയനിധിയുടെ പ്രസ്‌താവനയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്‌തു. ഇത് ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തി. ഈ പ്രസ്‌താവനയിലൂടെ മതഭ്രാന്ത് പടര്‍ത്താനാണ് ഇരുവരും ശ്രമിച്ചത്' - രാംപൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് രാം സിങ് ലോധി പറഞ്ഞു. രാംപൂര്‍ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണോ ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന ചോദ്യത്തിന്, തങ്ങള്‍ രാഷ്‌ട്രീയക്കാരല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി. 'നമുക്ക് അറിയാവുന്ന കാര്യം എന്തെന്നാല്‍, ഒരു വലിയ പദവിയിലിരിക്കുന്ന ആള്‍, താനൊരു മന്ത്രി മാത്രമല്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ആളാണെന്നും എല്ലാ മതത്തില്‍പ്പെട്ടവരും സംസ്ഥാനത്ത് ജീവിക്കുന്നുണ്ടെന്നും ഓര്‍മിക്കേണ്ടതാണ്. അദ്ദേഹം സനാതന ധര്‍മത്തെ പൂര്‍ണമായും നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്' - രാം സിങ് ലോധി പറഞ്ഞു.
കേസ് സെപ്‌റ്റംബര്‍ 15ന് കോടതി പരിഗണിക്കും. അടുത്തിടെ ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ കൂട്ടായ്‌മയിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മം ഡെങ്കിയും കൊറോണയും പോലെയാണെന്നും എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പ്രസ്‌താവന നടത്തിയത്. പിന്നാലെ ബിജെപി കടുത്ത വിമര്‍ശനവും പരാതിയുമായി രംഗത്തുവന്നു. ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവന ഞെട്ടിക്കുന്നതാണെന്ന് കാശി സത്സംഗ് മണ്ഡല്‍ എക്‌സിക്യുട്ടീവ് പ്രസിഡന്‍റ് ദേവേന്ദ്ര കുമാര്‍ പഥക് പ്രതികരിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153 എ, 505 വകുപ്പുകള്‍ പ്രകാരം പരാതി നല്‍കിയിട്ടുണ്ടെന്നും രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം വരുന്ന സനാതനികള്‍ക്കെതിരെയാണ് ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവനയെന്നും അദ്ദേഹം പറഞ്ഞു.