നാഗ്‌പൂര്‍: ബിജെപി വനിത നേതാവ് (BJP Woman Leader) സന ഖാന്‍റെ കൊലപാതകത്തില്‍ (Sana Khan Murder) ദുരൂഹതകള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ് (Police). കേസ് അന്വേഷണത്തിന് സാങ്കേതികമായ എല്ലാ രീതികളും പരിശോധിക്കുമെന്ന് പറയുമ്പോഴും, കൊലപാതകം നടന്ന് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴും സന ഖാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ (Mobile Phone) കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം കേസില്‍ മുന്നോട്ട് പോവുന്നതിനായി ഗൂഗിളിന്‍റെ സഹായം തേടാന്‍ ശ്രമിക്കുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (Deputy Police Commissioner) രാഹുൽ മദനെ (Rahul Madane) പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍: കേസില്‍ സന ഖാന്‍റെ മൊബൈൽ ഫോണ്‍ നിര്‍ണായകമാണ്. ഫോൺ വിവരങ്ങൾ പുറത്തുവന്നാൽ ഈ കേസിലെ കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാവും. അതുകൊണ്ടാണ് സന ഖാന്‍റെ മൊബൈലിലെ ഡാറ്റ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതക കേസിന്‍റെ ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നതില്‍ വളരെ പ്രധാനപ്പെട്ട തെളിവാണ് ഈ മൊബൈൽ ഫോൺ. അതിനാല്‍ തന്നെ കുറ്റവാളികള്‍ ഇത് നശിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും വിധേന മൊബൈല്‍ഫോണ്‍ കണ്ടെത്തിയാല്‍, അതിലെ ഡാറ്റ വീണ്ടെടുക്കുന്നതിന് ഗൂഗിളിന്‍റെ സഹായം തേടുമെന്നും കമ്മിഷണർ രാഹുൽ മദനെ വ്യക്തമാക്കി. മൊബൈലിലെ ഡാറ്റ ക്ലൗഡിലോ (Cloud) ഗൂഗിൾ ഡ്രൈവിലോ (Google Drive) ശേഖരിച്ചിട്ടുണ്ടെങ്കില്‍, അത് ഗൂഗിളിന്‍റെ സഹായത്തോടെ വീണ്ടെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകവും പിന്നീടുള്ള സംഭവങ്ങളും: ഓഗസ്‌റ്റ് 1 ന് കാണാതായ സന ഖാനെ കൊലപ്പെടുത്തിയത് താനാണെന്ന് വ്യക്തമാക്കി അമിത് സാഹു (Amit Sahu) രംഗത്തെത്തിയിരുന്നു. സന തന്‍റെ ഭാര്യയാണെന്നും വ്യക്തിപരമായ വിഷയങ്ങളെ ചൊല്ലിയായിരുന്നു കൊലപാതകമെന്നുമായിരുന്നു ഇയാളുടെ വിശദീകരണം. മാത്രമല്ല സന ഖാന്‍ വധത്തില്‍ മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സഞ്‌ജയ് ശര്‍മയെ (Sanjay Sharma) ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 24) പൊലീസ് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. അമിത് സാഹുവുമായി ഇദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടെന്നറിയിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കൂടാതെ പ്രതിയായ അമിത് സാഹുവിനെ സഞ്ജയ് ശർമ സഹായിച്ചതായും നാഗ്‌പൂർ പൊലീസ് സംശയിക്കുന്നുണ്ട്.
എന്നാൽ സന ഖാൻ വധത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു സഞ്ജയ് ശർമയുടെ പ്രതികരണം. അമിത് സാഹു 15 വർഷം മുമ്പ് തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ ജോലി ഉപേക്ഷിച്ച് പോയതിന് ശേഷം അമിത് സാഹുവുമായി താൻ ബന്ധപ്പെട്ടിരുന്നില്ല എന്നും സഞ്‌ജയ് ശര്‍മ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാല്‍ സന ഖാന്‍റെ കൊലപാതകത്തിന് ശേഷം അടുത്തിടെ അമിത് സാഹുവിനെ താന്‍ കണ്ടുമുട്ടിയതായും സഞ്ജയ് ശർമ നാഗ്പൂർ പൊലീസിനോട് തുറന്നുപറഞ്ഞിരുന്നു. എന്നാൽ സന ഖാൻ വധത്തെക്കുറിച്ച് അമിത് സാഹു തന്നോട് ഒരു വിവരവും പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.