സിനിമയില്‍ നിന്നും അവധി എടുത്ത് ഇന്ത്യയ്‌ക്കകത്തും പുറത്തും യാത്രകള്‍ നടത്തി ജീവിതം ആസ്വദിക്കുന്ന സാമന്ത അടുത്തിടെ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്‍റെ യാത്രാ വിശേഷങ്ങളും സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ സാമന്തയെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മയോസൈറ്റിസ് ചികിത്സയ്‌ക്കായി, നടി 25 കോടി രൂപ കടം വാങ്ങി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.
ഒരു ദശാബ്‌ദത്തിലേറെ നീണ്ട തന്‍റെ അഭിനയ കരിയറിൽ, താന്‍ വേണ്ടത്ര സമ്പാദിച്ചിട്ടുണ്ടെന്നും, തന്നെ സ്വയം പരിപാലിക്കാൻ കഴിയുമെന്നും പറഞ്ഞ് കൊണ്ട് തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തകളെ സാമന്ത നിഷ്‌കരുണം തള്ളിക്കളഞ്ഞു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.
'മയോസൈറ്റിസ് ചികിത്സിക്കാൻ 25 കോടി!? നിങ്ങളെ ആരൊക്കെ ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് തോന്നുന്നത്. ചികിത്സയ്‌ക്ക് വളരെ കുറച്ച് പണം മാത്രമേ എനിക്ക് ചെലവഴിക്കേണ്ടി വന്നിട്ടുള്ളു. ഞാന്‍ മാര്‍ബിളിന്‍റെ കല്ലുകള്‍ അല്ല ജോലിക്ക് പ്രതിഫലമായി വാങ്ങുന്നത്.
അതിനാൽ, എന്നെ നോക്കാന്‍ എനിക്ക് നന്നായി അറിയാം. നന്ദി. ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് മയോസൈറ്റിസ്. ഇതിന്‍റെ ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണം.' -സാമന്ത കുറിച്ചു.
ബാലിയിൽ അവധിക്കാലം ആഘോഷിച്ച താരം അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. സിനിമയില്‍ നിന്നും താത്‌കാലികമായി ഇടവേള എടുത്താണ് താരം യാത്രകളും ആഘോഷങ്ങളുമായി മുന്നോട്ട് പോയത്. തന്‍റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് സാമന്ത അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തത്.
മയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച താരം ചികിത്സ തുടര്‍ന്നു വരികയാണ്. അടുത്തിടെ, സാമന്തയുടെ ഹെയർസ്‌റ്റൈലിസ്‌റ്റും അടുത്ത സുഹൃത്തുമായ രോഹിത് ഭട്ട്‌കര്‍ സാമന്തയെ കുറിച്ച് വികാരഭരിതമായൊരു കുറിപ്പ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കാനുള്ള സാമന്തയുടെ തീരുമാനത്തെ കുറിച്ചാണ് രോഹിത് പങ്കുവച്ചത്.
'രണ്ട് വർഷം, ഒരു സെൻസേഷണൽ മ്യൂസിക് വീഡിയോ, മൂന്ന് സിനിമകൾ, ഏഴ് ബ്രാൻഡ് ക്യാമ്പയിനുകള്‍, രണ്ട് എഡിറ്റോറിയലുകൾ, പിന്നെ ജീവിത കാലത്തെ ഓർമകൾ. വെയില്‍ ദിവസങ്ങള്‍ മുതല്‍ മഴ ദിനങ്ങള്‍ അടക്കം ഞങ്ങളെല്ലാം കണ്ടു. സന്തോഷത്തിന്‍റെയും ചിരിയുടെയും കണ്ണുനീര്‍ മുതല്‍ വേദനയുടെ കണ്ണുനീര്‍ വരെ. ആത്മവിശ്വാസം മുതൽ ദുർബലമാകുന്നത് വരെ. നമ്മുടെ ഉയർച്ചയിൽ നിന്ന് താഴ്‌ചകളിലേക്കും, പിന്നീട് പിന്തുണയിലേക്കും..
എത്ര മനോഹരമായാണ് നിങ്ങളോടൊപ്പമുള്ള യാത്ര. തീർച്ചയായും ഓർക്കേണ്ട ഒന്ന്. രോഗശാന്തിയ്‌ക്കായി നിങ്ങള്‍ യാത്ര നടത്തുമ്പോൾ, നിങ്ങൾക്ക് കൂടുതൽ ശക്തിയും കരുത്തും ലഭിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾക്ക് എന്‍റെ വലിയ ആലിംഗനവും ഒത്തിരി സ്നേഹവും സാം! കാട്ടു തീക്ക് ശേഷവും വളർന്ന കാട്ടു പുഷ്‌പമാണ് നീ എന്ന് ഓര്‍ക്കുക. നിങ്ങൾ എന്നത്തേക്കാളും ശക്തമായി തിരിച്ചു വരാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കുക' -ഇപ്രകാരമായിരുന്നു രോഹിത് ഭട്ട്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം രാജ് - ഡികെ സീരീസ് 'സിറ്റാഡൽ' ഇന്ത്യൻ പതിപ്പിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സാമന്ത, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'കുഷി'യുടെ റിലീസിന് തയ്യാറെടുക്കുകയാണ്. 'സിറ്റാഡലി'ല്‍ വരുൺ ധവാനാണ് സാമന്തയ്‌ക്കൊപ്പം എത്തുന്നത്.
Also Read: ബാലിയില്‍ അവധിക്കാലം ആസ്വദിച്ച് സാമന്ത; പ്രഭാത ദൃശ്യങ്ങള്‍ പങ്കുവച്ച് താരം