ഭിതാർകനിക (ഒഡീഷ): ഭിതാർകനിക ദേശീയോദ്യാനത്തിലെ ജലാശയങ്ങളില്‍ പിറന്നുവീണത് റെക്കോഡ് എണ്ണം മുതലക്കുഞ്ഞുങ്ങള്‍. ഉപ്പുവെള്ളത്തില്‍ ജീവിക്കാന്‍ ഇഷ്‌ടപ്പെടുന്ന 3700 ഓളം സാള്‍ട് വാട്ടര്‍ മുതലക്കുഞ്ഞുങ്ങളാണ് ഒഡീഷയിലെ ഭിതാർകനിക ദേശീയോദ്യാനത്തിലെ ജലാശയങ്ങളില്‍ വിരിഞ്ഞിറങ്ങിയത്. കേന്ദ്രപര ജില്ലയിലെ വന്യജീവി സങ്കേതത്തിലെ 122 വാസസ്ഥലങ്ങളില്‍ നിന്നായാണ് ഇത്രയും എണ്ണം മുതലക്കുഞ്ഞുങ്ങള്‍ പിറന്നത്. മുന്‍ വര്‍ഷം 84 വാസസ്ഥലങ്ങളില്‍ നിന്ന് 2,500 ഓളം മുതലകൾ വിരിഞ്ഞിറങ്ങിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായാണ് മുട്ടകൾ വിരിഞ്ഞു തുടങ്ങിയെന്നും രണ്ടാഴ്‌ചത്തേക്ക് ഇത് തുടരുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം 2,500 ഓളം മുതലകൾ ആവാസസ്ഥാനത്ത് പിറന്നു വീണിരുന്നെന്നും ഇവ മുട്ടത്തോടുകള്‍ പൊട്ടിച്ച് പുറത്തു വരുന്നതും, മുതലക്കുഞ്ഞുങ്ങള്‍ അരുവികളിലേക്കും ജലാശയങ്ങളിലേക്കും ഇറങ്ങുന്നതിന് മുമ്പ് അലക്ഷ്യമായി അലഞ്ഞുനടക്കുന്നതും ദൃശ്യവിരുന്നാണെന്നും അദ്ദേഹം പറഞ്ഞു. ജലാശയങ്ങളില്‍ സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്ന മുതലകള്‍ എന്നാല്‍ ഉയർന്ന നിരപ്പിലുള്ള കണ്ടൽക്കാടുകളോട് മാവിനോടും ചെളിയോടും ചേര്‍ന്നാണ് കൂട് കൂട്ടാറുള്ളത്. മനുഷ്യന്‍റെ ഇടപെടൽ ഇവരെ അക്രമാസക്തരാക്കാറുണ്ടെന്നും അതിനാല്‍ വനപാലകർ ഇവരുടെ ആവാസസ്ഥാനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർഷിക കൂടുകെട്ടൽ സീസണിൽ പെൺ മുതലകൾ സാധാരണമായി 50 മുതല്‍ 60 മുട്ടകളാണ് ഇടാറുള്ളത്. തുടര്‍ന്ന് 70 മുതല്‍ 80 ദിവസത്തെ പ്രചനന കാലയളവിനു ശേഷമാണ് മുട്ട വിരിഞ്ഞ് മുതലക്കുഞ്ഞുങ്ങള്‍ പുറത്തുവരിക. എന്നാല്‍ ഇവരില്‍ മരണനിരക്ക് വളരെ കൂടുതലായതിനാലും, മറ്റു ജലജീവികളുടെ ഭീഷണിയും കാരണം നൂറില്‍ ഒരു കുഞ്ഞ് മാത്രമാണ് മുതിർന്നവരായിത്തീരുക. അതേസമയം, ഉപ്പുവെള്ള മുതലകളുടെയും ഇവയുടെ ആവാസസ്ഥാനങ്ങളുടെയും എണ്ണം വർധിക്കുന്നത് വനം വകുപ്പിന്‍റെ മികച്ച സംരക്ഷണ നടപടികളെ എടുത്തുകാണിക്കുന്നതായി ഹെർപെറ്റോളജിസ്റ്റ് സുധാകർ വ്യക്തമാക്കി.
ഉപ്പുവെള്ള മുതലകളുടെ വാർഷിക കൂടുകെട്ടൽ ഉറപ്പാക്കാൻ മേയ് 31 മുതൽ ജൂലൈ 31 വരെ വിനോദസഞ്ചാരികളുടെ എണ്ണം വന്യജീവി സങ്കേതം പരിമിതപ്പെടുത്തിയിരുന്നു. 672 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതം പ്രധാനമായും അരുവികളുടെയും കനാലുകളുടെയും ഒരു ശൃംഖലയും, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപ്പുവെള്ള മുതലകളുടെ ആവാസകേന്ദ്രം കൂടിയാണ്.