ഹൈദരാബാദ് : ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി റാമോജി ഫിലിം സിറ്റിയില്‍ മരങ്ങള്‍ നട്ട് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്‍. പ്രകൃതി സംരക്ഷണം എല്ലാവരുടേയും കര്‍ത്തവ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യസഭ എംപി ജോഗിനപ്പള്ളി സന്തോഷ് കുമാറിന്‍റെ സ്വപ്ന പദ്ധതിയാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച്.
റാമോജി ക്യാമ്പസിലെ അഡ്വെഞ്ചര്‍ ക്യാമ്പസിലാണ് സല്‍മാന്‍ ഖാന്‍ മരം നട്ടത്. തന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം ഫിലിംസിറ്റിയില്‍ എത്തിയത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ആവശ്യകതയേയും ലക്ഷ്യത്തെയും കുറിച്ച് സല്‍മാന്‍ ഖാനോട് സന്തോഷ് കുമാര്‍ വിശദീകരിച്ചു. അഞ്ച് വര്‍ഷത്തിന് മുമ്പ് തുടങ്ങിയ പദ്ധതിയുടെ ഭാഗമായി 16 കോടി മരത്തൈകള്‍ നട്ടെന്ന് അദ്ദേഹം സല്‍മാനെ അറിയിച്ചു.
മനുഷ്യന്‍റെ നിലനില്‍പ്പിന് ഓക്സിജന്‍ പോലെ തന്നെ മരങ്ങളും അത്യാവശ്യമാണെന്ന് സല്‍മാന്‍ഖാന്‍ പറഞ്ഞു. ഗ്രീൻ ഇന്ത്യ ചലഞ്ച് വരും തലമുറകൾക്കുള്ള നല്ലൊരു പാഠമാണ്. എല്ലാവരും ചലഞ്ചിന്‍റെ ഭാഗമായി സന്തോഷമെന്ന ലക്ഷ്യത്തിനായുള്ള നീക്കത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിതലമുറയ്ക്ക് ഉപകാരപ്രദമായ പദ്ധതി നടത്തുന്നതിന് എംപി സന്തോഷ് കുമാറിനെ സൽമാൻ ഖാൻ അഭിനന്ദിച്ചു. 16 കോടി തൈകള്‍ നട്ടുവെന്നത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലവ ആമസോൺ വനത്തിന് സമാനമായി വളരും. പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീൻ ഇന്ത്യ ചലഞ്ചിൽ പങ്കെടുക്കാൻ സൽമാൻ ആരാധകരോട് ആഹ്വാനം ചെയ്‌തു.