വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്‌ത ബ്രിട്ടിഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയുടെ നില അതീവ ഗുരുതരം. കഴുത്തിന് രണ്ടുതവണ കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. റുഷ്‌ദിയുടെ കാഴ്‌ച ശക്തി നഷ്‌പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ (ഓഗസ്റ്റ് 12) രാത്രിയാണ് പടിഞ്ഞാറൻ ന്യൂയോർക്കിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ റുഷ്‌ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറിവന്ന അക്രമി റുഷ്‌ദിയെ രണ്ടു തവണ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വേദിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ പ്രഥമിക ശുശ്രൂഷകള്‍ നല്‍കി ഉടന്‍ ആശുപത്രിയിലെത്തിച്ചു.
1988 സെപ്‌റ്റംബര്‍ 26ന് 'ദി സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ പുറത്തിറങ്ങിയതോടെ റുഷ്‌ദിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. മതനിന്ദ ആരോപിച്ച് വന്‍ വിമര്‍ശനങ്ങളാണ് നോവലും എഴുത്തുകാരനും നേരിട്ടത്. ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഈ നോവല്‍ നിരോധിക്കുകയുണ്ടായി.
വധഭീഷണിയെ തുടര്‍ന്ന് ഏറെ കാലം പൊലീസ് സംരക്ഷണയിലാണ് റുഷ്‌ദി കഴിഞ്ഞിരുന്നത്. 1947 ജൂണ്‍ 19ന് മുംബൈയിലായിരുന്നു സല്‍മാന്‍ റുഷ്‌ദി എന്ന സര്‍ അഹമ്മദ് സല്‍മാന്‍ റുഷ്‌ദിയുടെ ജനനം. പഠനം ഇംഗ്ലണ്ടിലായിരുന്നു.
കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയതോടെ അദ്ദേഹവും പാകിസ്ഥാനിലെത്തി. പിന്നീട് ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിപ്പോയി. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ നേവലായ മിഡ്‌നൈറ്റ്സ് ചില്‍ഡ്രനാണ് സാഹിത്യ ലേകത്ത് റുഷ്‌ദിയെ പ്രശസ്‌തനാക്കിയത്. ദി സാത്താനിക് വേഴ്‌സസ് റുഷ്‌ദിയുടെ നാലാമത്തെ നോവലാണ്.
Also Read എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ വധശ്രമം; കുത്തേറ്റത് രണ്ടുതവണ, ഒരാള്‍ പിടിയില്‍