ഹൈദരാബാദ് : ഹെല്‍മറ്റ് ഒരു പരിധിവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് നമുക്കറിയാം. ഹെല്‍മറ്റ് ധരിച്ചതു കൊണ്ട് മാത്രം സാരമായ പരിക്കുപറ്റാതെ റോഡപകങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അപകടം സംഭവിക്കുന്നതിന് മുന്‍പ് തന്നെ ഹെല്‍മറ്റ് യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയാലോ? ഖമ്മം ജില്ലയില്‍ നിന്നുള്ള രാജാലി പാഷയും ചിന്തിച്ചത് ഇതുതന്നെ.
ആ ചിന്തയില്‍ നിന്നാണ് അപകടത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കുന്ന ഹെല്‍മറ്റ് രൂപം കൊള്ളുന്നത് (Safety Helmet For Hearing Loss People). രാജാലി പാഷയുടെ കണ്ടുപിടുത്തം സംസ്ഥാനത്തെ ഇന്നൊവേറ്റര്‍ പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. ജന്മനാ കേള്‍വിക്കുറവും പോളിയോ ബാധയെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും തളര്‍ത്താത്ത രാജാലി പാഷയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഈ ഹെല്‍മറ്റ്. ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചതാകട്ടെ സുഹൃത്തിന്‍റെ അപകട മരണവും.
ഇനി രാജാലി പാഷയെ പരിചയപ്പെടാം. ഭദ്രാദ്രി കോതഗുഡം ജില്ലയില്‍ ഇല്ലാണ്ടു മണ്ഡലത്തിലെ സുഭാഷ് നഗര്‍ ആണ് എസ്കെ രാജാലി പാഷയുടെ സ്വദേശം. പറയത്തക്ക സാമ്പത്തികമൊന്നും ഇല്ലാത്ത തനി നാട്ടിന്‍പുറത്തെ ഒരു കുടുംബം. ജന്മനാ കേള്‍വിക്കുറവുണ്ടായിരുന്ന രാജാലി പാഷയ്‌ക്ക് പോളിയോ ബാധിച്ചതോടെ ഒരു കാലിന്‍റെ ചലനവും നഷ്‌ടമായി.
പക്ഷേ ശാരീരിക വിഷമതകള്‍ക്കൊന്നും പാഷയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. പഠനത്തില്‍ മിടുക്കനായിരുന്നു പാഷ. ബിഎ ബിഎഡും ലൈബ്രറി സയന്‍സും ആണ് അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ യോഗ്യത. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ എഡ്‌സെറ്റ് ഡിസ്‌എബിലിറ്റി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഭിന്നശേഷി വിഭാഗത്തില്‍ ഡിഎസ്‌സി ഒന്നാം റാങ്ക് നേടിയതോടെ പാഷയ്‌ക്ക് സ്‌കൂള്‍ അസിസ്റ്റന്‍റായി ജോലിയും ലഭിച്ചു. ഖമ്മം റൂറല്‍ മണ്ഡലത്തിലെ ഗൊല്ലപ്പാട്ട് സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് രാജാലി പാഷ ഇപ്പോള്‍.
പഠനത്തിനപ്പുറം വിദ്യാര്‍ഥികളുടെ കഴിവുകള്‍ പുറത്തെടുക്കുക എന്നതാണ് പാഷ മാഷിന്‍റെ പ്രധാന ലക്ഷ്യം. അതിനായി കഠിനമായി പരിശ്രമിക്കാനും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്‍ തയാര്‍. സ്‌കൂളും വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും കണ്ടുപിടുത്തങ്ങളും അംഗീകാരങ്ങളും ഒക്കെയായി പാഷ തിരക്കിലാണെങ്കിലും ഇടക്കൊക്കെ തന്‍റെ ഉറ്റ സുഹൃത്തിന്‍റെ അകാല വിയോഗം മനസില്‍ വേദന നിറയ്‌ക്കാറുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഭദ്രാചലം പാലത്തില്‍ ഉണ്ടായ ഒരു വാഹനാപകടം. അന്ന് പാഷയ്‌ക്ക് നഷ്‌ടമായത് എന്തിനും കട്ടയ്‌ക്ക് കൂടെ നിന്നിരുന്ന അടുത്ത സുഹൃത്തിനെ. പിന്നില്‍ നിന്ന് പാഞ്ഞെത്തിയ വാഹനത്തിന്‍റെ ഹോണ്‍ കേള്‍ക്കാതിരുന്നതായിരുന്നു അന്നത്തെ ആ അപകടത്തിന് കാരണം. 'അവന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. പക്ഷേ അവന് അപകടത്തില്‍ ജീവന്‍ നഷ്‌ടമായി. പിന്നില്‍ നിന്നെത്തിയ വാഹനത്തിന്‍റെ ഹോണ്‍ അവന്‍ കേട്ടില്ല' -പാഷ പറയുന്നു. അങ്ങനെയാണ് അപകടങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന ഹെല്‍മറ്റ് എന്ന ചിന്തയിലേക്ക് പാഷ എത്തുന്നത്.
ഹെല്‍മറ്റ് എങ്ങനെ പ്രവര്‍ത്തിക്കും : ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍, പ്രത്യേകിച്ച് കേള്‍വി ക്കുറവ് നേരിടുന്നവര്‍ വാഹനമോടിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് പാഷ മനസിലാക്കി. ഇതിന് പരിഹാരമായി പല വഴികളും പരീക്ഷിച്ചു. ഒടുവിലാണ് ഹെല്‍മറ്റില്‍ എത്തിയത്.
കേള്‍വി ബുദ്ധിമുട്ടുള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ പിന്നിലുള്ള വാഹനങ്ങളുടെ ഹോണുകള്‍ തിരിച്ചറിയുന്ന തരത്തിലാണ് പാഷ ഹെല്‍മറ്റ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. രണ്ട് മദര്‍ബോഡുകള്‍, രണ്ട് ബാറ്ററികള്‍, ഒരു റിസീവര്‍, ചെറിയ ബള്‍ബുകള്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നു. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുമ്പോള്‍ ഹെല്‍മറ്റിലെ റിസീവര്‍ ശബ്‌ദം പിടിച്ചെടുത്ത് ശബ്‌ദ തരംഗങ്ങളെ പ്രകാശ തരംഗങ്ങളാക്കി മാറ്റുന്നു. ഇതിന്‍റെ ഫലമായി ഹെല്‍മറ്റില്‍ നിന്ന് ബീപ് ശബ്‌ദം പുറത്തുവരികയും മുന്നിലും പിന്നിലുമായി ഘടിപ്പിച്ചിരിക്കുന്ന ബള്‍ബുകള്‍ പ്രകാശിക്കുകയും ചെയ്യും.
തെലങ്കാന സംസ്ഥാന ഇന്നൊവേഷന്‍ സെല്ലിലേക്ക് പാഷയുടെ ഹെല്‍മറ്റ് തെരഞ്ഞെടുക്കപ്പെട്ടു. കലക്‌ടറില്‍ നിന്ന് പ്രശംസ പത്രവും ഈ യുവാവ് നേടിയിട്ടുണ്ട്. നേരത്തെ വീല്‍ചെയര്‍, തീപിടിത്ത അപകടം എന്നീ മേഖകളിലെ കണ്ടുപിടുത്തങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു വര്‍ഷത്തോളം നടത്തിയ പഠനങ്ങളുടെയും മറ്റും ഫലമായിട്ടാണ് പാഷ ഹെല്‍മറ്റ് കണ്ടുപിടിച്ചത്.
കുറഞ്ഞ വിലയില്‍ തന്‍റെ ഹെല്‍മറ്റ് വിപണിയില്‍ ഇറക്കാന്‍ തയാറാണ് പാഷ. തന്‍റെ സുഹൃത്തിന്‍റെ ഗതി മറ്റാര്‍ക്കും വരരുത് എന്നാണ് ഈ ചെറുപ്പക്കാരന്‍റെ ആഗ്രഹം. ഭാവിയില്‍ കൂടുതല്‍ പുതുമകള്‍ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പാഷ പറയുന്നു. വെല്ലുവിളിയായി ശാരീരിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും തളരാന്‍ മനസില്ലാതെ മുന്നോട്ട് പോകുന്ന രാജാലി പാഷയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം കൂടിയാണ്.