ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ രൂക്ഷ പ്രതികരണവുമായി ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍. ഭഗവന്ത് മാന്‍ മദ്യലഹരിയിലാണ് പാര്‍ലമെന്‍റില്‍ ഇരിക്കാറുണ്ടായിരുന്നത് എന്നും ആ വ്യക്തിയാണ് ലഹരി വിപത്തില്‍ പൊറുതിമുട്ടുന്ന പഞ്ചാബിനെ നയിക്കുന്നതെന്നുമാണ് ഹര്‍സിമ്രത് ലോക്‌സഭയില്‍ പറഞ്ഞത്. ലോക്‌സഭയില്‍ ഭഗവന്ത് മാനിന്‍റെ അടുത്ത കസേരയില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ സീറ്റ് മാറ്റാന്‍ സ്‌പീക്കറോട് അപേക്ഷിച്ചിട്ടുള്ള കാര്യവും ഹര്‍സിമ്രത് പറഞ്ഞു. ഹര്‍സിമ്രത്തിന്‍റെ പരാമര്‍ശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ളവരില്‍ ചിരി പടര്‍ത്തി.
മദ്യപിച്ച് വാഹനമോടിക്കരുതെന്ന ബോര്‍ഡുകള്‍ നമ്മള്‍ റോഡ് സൈഡില്‍ കാണാറുണ്ട്. എന്നാല്‍ പഞ്ചാബിനെ 'ഡ്രൈവ്' ചെയ്‌ത് കൊണ്ടിരിക്കുന്നത് മദ്യപിച്ച് കൊണ്ടാണെന്ന് ഭഗവന്ത് മാനെ ലക്ഷ്യം വച്ച് ഹര്‍സിമ്രത്ത് പറഞ്ഞു. ഭഗവന്ത് മാന്‍ മദ്യപാനം നിര്‍ത്തിയെന്ന് 2019ല്‍ ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പരസ്യമായി പറഞ്ഞിരുന്നു.
യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം പഞ്ചാബില്‍ വലിയ സാമൂഹ്യ വിപത്താണ്. ലഹരി വ്യാപാരം തടയുന്നതില്‍ ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ് എന്നാണ് ശിരോമണി അകാലിദള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.