അജ്‌മീർ : അശോക് ഗെലോട്ട് സര്‍ക്കാരുമായുള്ള പടലപ്പിണക്കം തുടരുന്നതിനിടെ കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി സച്ചിൻ പൈലറ്റിന്‍റെ 'ജൻ സംഘർഷ് യാത്ര'. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് മുന്നൊരുക്കം സജീവമാക്കവെയാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍റെ പുതിയ നീക്കം. ഇന്ന് ഉച്ചയ്ക്ക് അജ്‌മീറിൽ നിന്ന് ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ സമാപനം ജയ്‌പൂരിലാണ്. സംസ്ഥാനത്തെ അഴിമതിയടക്കമുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ പദയാത്ര.
സച്ചിന്‍ പൈലറ്റ് തന്‍റെ ശക്തികേന്ദ്രമായി കണക്കാക്കുന്ന ഇടങ്ങളാണ് കിഴക്കൻ രാജസ്ഥാന്‍ മുതല്‍ അജ്‌മീര്‍ വരെയുള്ള പ്രദേശം. ഈ സാഹചര്യത്തില്‍ പദയാത്രകൊണ്ട് എന്താണ് സച്ചിന്‍ ലക്ഷ്യമിടുന്നതെന്ന ചോദ്യം ശക്തമാണ്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം കിഴക്കൻ മേഖലയിലെ ഗുജ്ജർ ആധിപത്യമുള്ള പ്രദേശങ്ങളിൽ മാത്രമാണെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രചാരണത്തെ ചെറുക്കാനാണ് 'ജൻ സംഘർഷ് യാത്ര'യെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. അഞ്ച് ദിവസം കൊണ്ട് 125 കിലോമീറ്റർ പിന്നിടാനാണ് നേതാവിന്‍റെ ഉദ്ദേശം.
യാത്ര 15ന് ജയ്‌പൂരിൽ : ജൻ സംഘർഷ് യാത്രയിൽ പങ്കെടുക്കാൻ സച്ചിന്‍ ഇന്ന് രാവിലെ ജയ്‌പൂരിൽ നിന്ന് ട്രെയിന്‍ മാര്‍ഗം ഉച്ചയ്ക്ക് 12.15ന് അജ്‌മീറിലെത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് അജ്‌മീറില്‍ നിന്ന് പദയാത്ര ആരംഭിച്ചത്. കിഷൻഗഡിലെ തോലമാൽ ഗ്രാമത്തിലാണ് ഇന്ന് രാത്രി തങ്ങുന്നത്. നാളെ രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് നാല് വരെയും റോഡ് മാര്‍ഗം പദയാത്ര നടത്തും. രാത്രി പദ്സോലിയിൽ വിശ്രമിക്കും. മെയ് 13, 14 തിയതികളിൽ യഥാക്രമം നസ്നോദയിലും മഹാപുരയിലുമാണ് രാത്രി തങ്ങുന്നത്. റോഡ് മാർച്ച് മെയ് 15ന് വൈകിട്ട് ജയ്‌പൂരിൽ എത്തും.
ബിജെപി നേതാവ് വസുന്ധര രാജെയുടെ ഭരണകാലത്തെ അഴിമതിക്കേസുകളിൽ ഗെലോട്ട് സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന് ആരോപിച്ച് സച്ചിന്‍ കഴിഞ്ഞ മാസം ഉപവാസസമരം നടത്തിയിരുന്നു. രാജസ്ഥാന്‍റെ എഐസിസി ചുമതലയുള്ള നേതാവ്, സുഖ്‌ജിന്ദർ സിങ് രൺധാവെ ഇതിനെ പാർട്ടി വിരുദ്ധ നീക്കമെന്നാണ് വിശേഷിപ്പിച്ചത്. മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് അശോക് ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചതും വലിയ വാര്‍ത്തയായിരുന്നു.