മുംബൈ : ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ സംഭാവന ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഏകദേശം 2,700 കോടി രൂപ ആസ്‌തിയുള്ള സമ്പന്നമായ പാര്‍ട്ടിയാണ് ബി.ജെ.പി. ഫണ്ട് സമാഹരിച്ച് ഖജനാവ് കൊഴുപ്പിക്കുന്നതിൽ തെറ്റില്ലെങ്കിലും മറ്റ് പാർട്ടികളെ ഇല്ലാതാക്കരുതെന്ന് സാമ്‌ന മുഖപ്രസംഗം പറയുന്നു.
'നോട്ടുനിരോധനത്തില്‍ മറ്റുപാര്‍ട്ടികളുടെ ഫണ്ട് ഇല്ലാതാക്കി'
ഒരു പാർട്ടിയെന്ന നിലയിൽ ബി.ജെ.പി തങ്ങളുടെ ഖജനാവ് ഉയർത്തുന്നതിലും മറ്റുള്ളവരെ പ്രതികൂലാവസ്ഥയിൽ എത്തിക്കുന്നതിലും വിദഗ്‌ധരാണ്. നോട്ട് നിരോധന സമയത്ത് പാർട്ടി പ്രമുഖർക്ക് സൂചന നൽകിയിരുന്നു. അതേസമയം ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, തെലുങ്ക് ദേശം, ശിവസേന തുടങ്ങിയവരുടെ ഫണ്ട് ഇല്ലാതാക്കി.
ധനസമാഹരണം 'രാഷ്ട്രനിർമാണ'ത്തിനെന്ന പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിച്ചു. പക്ഷേ, അത് രാഷ്ട്രനിർമാണത്തിന് എങ്ങനെയാണ് സഹായിക്കുന്നത്. അക്കാര്യത്തെക്കുറിച്ച് ആർക്കെങ്കിലും ഊഹിക്കാനാവുമോ? വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ബി.ജെ.പി ഏറ്റവും സമ്പന്നമായ പാർട്ടിയായി മാറിയത്.
ALSO READ: നിതി ആയോഗ് ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് ; ഏറ്റവും പിന്നില്‍ യുപി
പണത്തിന്‍റെ കാര്യത്തില്‍ വന്‍ കുതിപ്പാണ് പാര്‍ട്ടി നടത്തുന്നത്. അതിന്‍റെ പേശീബലം ഇപ്പോൾ പൊതുസമൂഹത്തില്‍ പ്രകടമാണെന്നും ശിവസേന മുഖപത്രം എഡിറ്റോറിയലില്‍ ആരോപിച്ചു. പ്രമുഖ ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 നാണ് ബി.ജെ.പി ഫണ്ട് സമാഹരണം ആരംഭിച്ചത്.
ബി.ജെ.പിയെയും ഇന്ത്യയെയും ശക്തമാക്കാന്‍ സഹായിക്കുകയെന്ന് ആഹ്വാനം ചെയ്‌ത് പാർട്ടി ഫണ്ടിലേക്ക് നരേന്ദ്ര മോദി ആയിരം രൂപ നല്‍കിയിരുന്നു. സമാനമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭാവന നല്‍കുകയുണ്ടായി.