ബെംഗളൂരു: പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ ജേതാവുമായ സാലുമറദ തിമ്മക്ക ഇനി ഇക്കോ അംബാസഡർ. കാബിനറ്റ് പദവിയോട് കൂടിയുള്ള നിയമനവുമായി ബന്ധപ്പെട്ട് കർണാടക മന്ത്രിസഭ ഉത്തരവിറക്കി.
തിമ്മക്കയെ കാബിനറ്റ് പദവിയോട് കൂടി ഇക്കോ അംബാസഡർ അഥവ പരിസ്ഥിതി അംബാസഡറായി നിയമിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനവുമായി ബന്ധപ്പെട്ട ഒദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
ജൂൺ 30ന് അംബേദ്‌കർ ഭവനിൽ സംഘടിപ്പിച്ച സാലുമറദ തിമ്മക്കയുടെ 111-ാം ജന്മദിനാഘോഷങ്ങളിലും, ഹരിത പുരസ്‌കാര സമർപ്പണ ചടങ്ങിലും ബൊമ്മെ പങ്കെടുത്തിരുന്നു. ഈ പരിപാടിക്കിടെയാണ് തിമ്മക്കയ്‌ക്ക് പരിസ്ഥിതി അംബാസഡർ എന്ന പ്രത്യേക പദവി നൽകുമെന്ന പ്രഖ്യാപനം നടത്തിയത്.
പരിസ്ഥിതി സംരക്ഷണത്തിന് അവർ നൽകിയ വലിയ സംഭാവനകൾക്കും ഇനിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായാണ് സർക്കാർ ഇക്കോ അംബാസഡർ പദവി തിമ്മക്കയ്‌ക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.