തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ മൂർധന്യത്തിൽ എത്തിനിൽക്കുന്ന ശ്രീലങ്കയെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍. ശ്രീലങ്കയോട് സഹായമനോഭാവമാണ് ഇന്ത്യക്ക് എക്കാലവും ഉള്ളത്. ആ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾ ഇന്ത്യ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധിയെ അവർ മറികടക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിലവിൽ ഇന്ത്യക്ക് അഭയാർഥി പ്രശ്‌നങ്ങൾ ഇല്ല. കേരള സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശ്രീലങ്കയിലെ പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് വിമാനമാർഗം ഒരു മണിക്കൂർ മാത്രമാണ് യാത്രാസമയം.
അതേസമയം തന്‍റെ കേരള സന്ദർശനം പ്രധാനമായും ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമാണെന്നും അദ്ദേഹം പറഞ്ഞു.