ന്യൂഡൽഹി: ഇന്ന് ഇന്ത്യയിലെത്തുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി വി ലാവ്‌റോവ് നാളെ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ന് രാത്രിയാണ് ലാവ്റോവ് ന്യൂഡൽഹിയിലെത്തുന്നത്. നാളെ രാവിലെ ഹൈദരാബാദ് ഹൗസിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കും.
ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന വശങ്ങൾ ചർച്ച ചെയ്യുന്നതിനും അടുത്ത ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ സന്ദർശനം ഒരു സവിശേഷ അവസരമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭ, ഷാങ്ഹായ് സഹകരണ സംഘടന, ബ്രിക്സ്, ആർഐസി (റഷ്യ ഇന്ത്യ ചൈന) എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക അജണ്ടയിലെ സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജയ്‌ശങ്കറും ലാവ്‌റോവും അഭിപ്രായങ്ങൾ കൈമാറുമെന്ന് റഷ്യൻ എംബസി അറിയിച്ചു.
ഏഷ്യ-പസഫിക് മേഖലയിലെയും അഫ്ഗാനിസ്ഥാനിലെയും സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം ചർച്ചചെയ്യുമെന്നും റഷ്യൻ എംബസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ശേഷം ഏപ്രിൽ 6-7 തീയ്യതികളിൽ ലാവ്‌റോവ് പാകിസ്ഥാൻ സന്ദർശിക്കും.
കൂടുതൽ വായനയ്ക്ക്: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ