ന്യൂഡൽഹി : പടിഞ്ഞാറൻ യുക്രൈനില്‍ അകപ്പെട്ട ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം. സ്ഥിരീകരിച്ച് വാര്‍സോയിലെ ഇന്ത്യൻ എംബസി. പോളണ്ടിലേക്ക് താരതമ്യേന വേഗത്തിലുള്ള പ്രവേശനം സാധ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
നിലവിൽ ലിവിവിലും ടെർനോപിലും പടിഞ്ഞാറൻ യുക്രൈനിലെ മറ്റ് സ്ഥലങ്ങളിലുമുള്ളവര്‍ക്ക് ബുഡോമിയർസ് അതിർത്തി ചെക്ക് പോയിന്‍റിലേക്ക് എത്താം. ഹംഗറി അല്ലെങ്കിൽ റൊമേനിയ വഴി സഞ്ചരിക്കാൻ തെക്കോട്ട് യാത്ര ചെയ്യാം. യുദ്ധത്തിൽ തകർന്ന പടിഞ്ഞാറൻ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഷെഹിനി - മെഡിക അതിർത്തി കടക്കുന്നത് ഒഴിവാക്കണം. തിരക്ക് തുടരുന്ന സാഹചര്യമാണുള്ളത്.
ALSO READ: ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ ; ഫ്രീഡം സ്ക്വയറില്‍ മിസൈല്‍ ആക്രമണം
പൗരരെ സ്വീകരിക്കുന്നതിനും രാജ്യത്തേക്ക് അയക്കുന്നതിന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ മെഡിക, ബുഡോമിയർസ് അതിർത്തി ചെക്ക് പോയിന്‍റുകളിൽ വിന്യസിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ഇടങ്ങളില്‍ നിന്നുമുള്ളവര്‍ റസെസോവിലെ ഹോട്ടല്‍ പ്രെസിഡെങ്കിയിലേക്ക് നേരിട്ട് യാത്ര ചെയ്യാവുന്നതാണ്. അവിടെ താമസിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്. ആ സ്ഥലത്തുനിന്നും ഇന്ത്യയിലേക്ക് ഓപ്പറേഷൻ ഗംഗ വിമാനങ്ങൾ വഴി നാട്ടിലേക്ക് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.