ന്യൂഡൽഹി: സ്‌പുട്‌നിക്-വി വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനായി റഷ്യക്ക് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും അഭ്യർഥനകൾ ലഭിക്കുന്നുണ്ടെന്നും ഇവ പരിഗണനയിലാണെന്നും റഷ്യൻ ഡെപ്യൂട്ടി സ്ഥാനപതി റോമൻ ബാബുഷ്‌കിൻ അറിയിച്ചു. കൊറോണ വൈറസിനെതിരെ രജിസ്റ്റർ ചെയ്‌ത ലോകത്തെ ആദ്യത്തെ വാക്‌സിൻ കൂടിയായ സ്‌പുട്‌നിക്-വി കരാർ അടിസ്ഥാനത്തിലാണ് വിതരണം ചെയ്‌തു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 12നാണ് അടിയന്തര ഉപയോഗ അംഗീകാര നടപടിക്രമങ്ങൾ പ്രകാരം സ്‌പുട്‌നിക്-വി ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിന് പുറമേ മെയ് 14ന് റഷ്യൻ വാക്സിന്‍റെ കുത്തിവയ്‌പ്പും രാജ്യത്ത് ആരംഭിച്ചു. ഇതുവരെ രണ്ട് തവണയാണ് റഷ്യൻ വാക്സിൻ രാജ്യത്ത് എത്തിച്ചിട്ടുള്ളത്. റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടും (ആർഡിഎഫ്) ഇന്ത്യയിലെ പ്രമുഖ ഔഷധ നിർമ്മാണ കമ്പനികളിലൊന്നുമായ പനേഷ്യ ബയോടെക് തിങ്കളാഴ്‌ച മുതൽ സ്‌പുട്‌നിക്-വി വാക്സിൻ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. റഷ്യയുടെ നേരിട്ടുള്ള നിക്ഷേപ ഫണ്ടിൽ ഇന്ത്യയിൽ നിന്നുള്ള പങ്കാളികളിൽ ഒന്നാണ് ഈ കമ്പനിയെന്നും പദ്ധതി പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 850 ദശലക്ഷം ഡോസുകൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും റോമൻ വ്യക്തമാക്കി.
സിംഗിൾ-ഡോസ് വാക്സിൻ സ്‌പുട്‌നിക് ലൈറ്റിന്‍റെ സ്ഥിതിയെക്കുറിച്ച് സംസാരിച്ച റഷ്യൻ പ്രതിനിധി, ഇന്ത്യയിലേക്കുള്ള വാക്സിന്‍റെ പ്രചാരണവും വിതരണവും വളരെ സഹായകരമാകുമെന്നും അറിയിച്ചു. രാജ്യത്തേക്ക് വൈദ്യസഹായങ്ങൾ എത്തിക്കുന്നതിന്‍റെ ഭാഗമായി 2,25,000 റെംഡെസിവിർ മരുന്നുകളുൾപ്പെടുന്ന ഐഎൽ -76 റഷ്യൻ വിമാനം ഡഹിയിലെത്തിയതായും വരും ദിവസങ്ങളിലും കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഇന്ത്യയില്‍ സ്‌പുട്‌നിക് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം ആരംഭിച്ചു