ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യ സഭയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷണവ് പ്രസംഗിച്ചുകൊണ്ടിരിക്കേ, അദ്ദേഹത്തിന്‍റെ കൈയിലിരുന്ന പേപ്പറുകള്‍ തട്ടിയെടുത്ത് തൃണമൂല്‍ എംപി ശാന്തനു സെൻ കീറിയെറിഞ്ഞു. ഇതോടെ മന്ത്രി പ്രസ്താവന നടത്തുന്നതിൽ നിന്ന് പിന്മാറുകയും പകർപ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണുണ്ടായത്.
ചില പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിന് നേരെ പേപ്പര്‍ കഷണങ്ങള്‍ എറിഞ്ഞതായി ആരോപണമുണ്ട്. അതേസമയം തൃണമൂല്‍ അംഗങ്ങളുടെ പ്രവര്‍ത്തിക്കെതിരെ ബിജെപി എംപി സ്വപൻ ദാസ് ഗുപ്ത രംഗത്തെത്തുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങളുടേത് അനുചിതമായ പ്രവര്‍ത്തിയാണന്നായുരുന്നു ബിജെപി എംപിയുടെ പ്രതികരണം.
also read: ലഷ്‌കറെ മുസ്തഫ പ്രവർത്തകരായ രണ്ട് തീവ്രവാദികൾ എൻഐഎ പിടിയിൽ
എന്നാല്‍ സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ശാന്തനു സെന്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച മന്ത്രി ശാരീരികമായി ഉപദ്രവിക്കുന്ന ഘട്ടം വരെയെത്തിയെന്നും സഹപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് രക്ഷപ്പെടാനായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.