ന്യൂഡല്‍ഹി: 1989 ഡിസംബർ 8ന് വി.പി സിങ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്‌തി മുഹമ്മദ് സയിദിന്‍റെ മകള്‍ റുബയ്യാ സയിദിനെ ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരർ തട്ടിക്കൊണ്ടുപോയി. ശ്രീനഗറിലെ ലാൽ ഡെഡ് മെമ്മോറിയൽ വിമൻസ് ആശുപത്രിയില്‍ മെഡിക്കൽ ഇന്‍റേണ്‍ ആയിരുന്നു 23കാരിയായ റുബയ്യ. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി നൗഗാമില്‍ വച്ചാണ് ഭീകരര്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയത്.
ജയിലില്‍ കഴിയുന്ന അഞ്ച് ഭീകരരെ വിട്ടയയ്ക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം. എന്നാല്‍ ഇത് മേഖലയില്‍ കൂടുതല്‍ സംഘർഷമുണ്ടാകുന്നതിനും തീവ്രവാദം വളര്‍ത്തുന്നതിനും ഇടയാക്കുമെന്ന് വിശ്വസിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള ഭീകരരെ മോചിപ്പിയ്ക്കാൻ വിമുഖത പ്രകടിപ്പിച്ചു.
ആറ് ദിവസത്തെ ചർച്ചകൾക്ക് ശേഷം, സമ്മർദത്തിന് വഴങ്ങി സർക്കാർ ഡിസംബർ 13ന് അഞ്ച് ഭീകരരെ മോചിപ്പിച്ചു. ഉപാധി അംഗീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരര്‍ റുബയ്യയെ മോചിപ്പിച്ചത്. ഒറ്റരാത്രി കൊണ്ട് കശ്‌മീരിന്‍റെ അന്തരീഷം തന്നെ അന്നത്തെ ആ സംഭവം മാറ്റിമറിച്ചുവെന്ന് കശ്‌മീരിലെ ഇന്‍റലിജൻസ് ബ്യൂറോ സ്റ്റേഷൻ മേധാവിയായിരുന്ന എ.എസ് ദുലത്ത് ഈയിടെ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.
ഈ സംഭവത്തിന് ശേഷം ഏകദേശം ഒരു മാസത്തിന് ശേഷമാണ് കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം ആരംഭിയ്ക്കുന്നത്. അഞ്ച് ഭീകരരെ വിട്ടയയ്ക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വി.പി സിങ്ങും ആഭ്യന്തര മന്ത്രി മുഫ്‌തി മുഹമ്മദ് സയിദും ചേർന്ന് ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ളയില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. ജമ്മു കശ്‌മീര്‍ സര്‍ക്കാരില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ കുറിച്ചും അന്നത്തെ സാഹചര്യത്തെ കുറിച്ചും 33 വർഷങ്ങൾക്ക് ശേഷം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇടിവി ഭാരത് നാഷണല്‍ ബ്യൂറോ ചീഫ് രാകേഷ് ത്രിപാഠിയുമായി സംസാരിയ്ക്കുന്നു.
ഇടിവി ഭാരത്: റുബയ്യാ സയിദിനെ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ച് ഭീകരരെ സര്‍ക്കാര്‍ മോചിപ്പിയ്ക്കരുതെന്ന് താങ്കളെ അറിയിച്ചിരുന്നുവെന്ന് ഫറൂഖ് അബ്‌ദുള്ള ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്താണ് അതേക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്?
ആരിഫ് ഖാന്‍: അതായിരുന്നു ഫറൂഖ് സാഹിബിന്‍റെ അഭിപ്രായം. സംഭവത്തിന് പിന്നാലെ എന്നെയും ഐ.കെ ഗുജ്‌റാളിനേയും കേന്ദ്രം കശ്‌മീരിലേയ്ക്ക് അയച്ചു. റുബയ്യ സയിദിനെ മോചിപ്പിയ്ക്കാൻ ആ അഞ്ച് ഭീകരരെ വിട്ടയയ്ക്കേണ്ട കാര്യമില്ലെന്ന് ഫറൂഖ് സാഹിബും ഉദ്യോഗസ്ഥരും ഞങ്ങളോട് പറഞ്ഞു. ഭീകരരെ വിട്ടയയ്ക്കാതെ റുബയ്യ സയിദിനെ മോചിപ്പിക്കുന്നതിൽ താൻ വിജയിക്കുമെന്ന് ഫറൂഖ് സാഹിബിന് വിശ്വാസമുണ്ടായിരുന്നു.
കശ്‌മീരിലേക്ക് പോകാന്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ച സമയത്ത് ജമ്മു കശ്‌മീര്‍ സർക്കാരും ഭീകരരും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഭീകരരെ വെറുതെ വിടരുതെന്നാണ് ഫറൂഖ് സാഹിബ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിയ്ക്കുന്നുവെന്നും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പലവട്ടം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഐ.കെ ഗുജ്‌റാൾ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കണം. ഭീകരരെ വിട്ടയയ്ക്കാന്‍ (ഫറൂഖിനെ) സമ്മർദ്ദം ചെലുത്താനാണ് ഞങ്ങളെ അയച്ചതെന്ന് പിന്നീട് എനിയ്ക്ക് മനസിലായി.
എന്നാല്‍ ഞാന്‍ നേരെ തിരിച്ചാണ് അന്ന് ഫറൂഖിനോട് പറഞ്ഞത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞു. ആ ദിവസം ഞാന്‍ ഒറ്റയ്ക്കായിരുന്നു. അവിടെയുള്ള എന്‍റെ സുഹൃത്തുക്കളുമായും കശ്‌മീരിലെ ജനങ്ങളുമായും ഞാന്‍ അന്ന് കൂടിക്കാഴ്‌ച നടത്തി. ഫറൂഖ് അബ്‌ദുള്ളയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും എന്താണോ പറഞ്ഞത് അത് തന്നെയാണ് കശ്‌മീരിലെ ജനതയും എന്നോട് ആവര്‍ത്തിച്ചത്.
കശ്‌മീരിലെ അന്തരീക്ഷം വ്യത്യസ്‌തമാണെന്ന് ജനം എന്നോട് പറഞ്ഞു. റുബയ്യ സയീദിനെ ആരെങ്കിലും ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചാല്‍ ഭീകരരെ വകവരുത്തുമെന്നും അതിനാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട ആവശ്യമില്ലെന്നുമായിരുന്നു കശ്‌മീരികളുടെ പൊതുവേയുള്ള അഭിപ്രായം. എന്താണ് അന്നത്തെ ദിവസം നടന്നതെന്ന് അറിയില്ല. അഞ്ച് മണിയോടെ ഭീകരരെ മോചിപ്പിച്ചതായി വിവരം ലഭിച്ചു.
അതിന്‍റെ അർത്ഥമെന്താണ്? ഭീകരരുടെ മോചനത്തെ ഫറൂഖ് സാഹിബ് എതിർത്തിരുന്നുവെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള സമ്മർദ്ദം കാരണം അദ്ദേഹത്തിന് തന്‍റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞില്ല. എനിയ്ക്ക് സമ്മർദ്ദമുണ്ടെന്ന് അന്നത്തെ ദിവസം അദ്ദേഹം എന്നോട് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ എന്തെങ്കിലും തരത്തിലുള്ള ഉപദേശം അദ്ദേഹത്തിന് നല്‍കുമായിരുന്നു.
ഇടിവി ഭാരത്: അപ്പോള്‍ ആരുടേതായിരുന്നു അന്തിമ തീരുമാനം?
ആരിഫ് ഖാന്‍: ഉറപ്പായും കേന്ദ്ര സർക്കാരിന്‍റേത്. ആരുടേയും പേര് പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. മുഫ്‌തി മുഹമ്മദ് സയിദായിരുന്നു അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി. സംഭവവുമായി ബന്ധപ്പെട്ട ആദ്യ യോഗത്തില്‍ തന്നെ മറ്റ് രാജ്യങ്ങളിലും മന്ത്രിമാരുടെ മക്കളെയോ ബന്ധുക്കളെയോ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ നിന്നും ഉള്‍ക്കൊണ്ട് വേണം നടപടി സ്വീകരിയ്ക്കാനെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. ഒരു ഡോക്‌ടർക്ക് സ്വയം ചികിത്സിക്കാനോ ഓപ്പറേഷൻ ചെയ്യാനോ കഴിയാത്തതുപോലെ, കേന്ദ്ര മന്ത്രിയും വിഷയത്തില്‍ നിന്ന് വിട്ട് നില്‍ക്കണം.
കേന്ദ്രമന്ത്രി കുറച്ച് ദിവസത്തേക്ക് രാജിവയ്ക്കുക, വിഷയം കൈകാര്യം ചെയ്യാനായി മറ്റൊരാളെ ഏല്‍പ്പിയ്ക്കുക എന്നതായിരുന്നു ഉചിതം. അപ്പോൾ ആരാണ് ഈ വിഷയം കൈകാര്യം ചെയ്യുകയെന്ന് അന്നത്തെ പ്രധാനമന്ത്രി വി.പി സിങ് എന്നോട് ചോദിച്ചു. മുഫ്‌തി സാഹിബ് രാജി വച്ച്, ഉത്തരവാദിത്തം എനിക്ക് കൈമാറൂ, ഞാൻ കൈകാര്യം ചെയ്യാമെന്ന് മറുപടി നല്‍കി. എന്നാല്‍ ആരും അത് ഗൗനിച്ചില്ല. ഫറൂഖ് സാഹിബ് പറഞ്ഞത് ശരിയായിരുന്നു, പക്ഷേ അദ്ദേഹത്തിന് തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ഇടിവി: അതിന്‍റെ കാരണമെന്തൊയിരുന്നു?
ആരിഫ് ഖാന്‍: അത് അദ്ദേഹത്തിന് മാത്രമേ പറയാന്‍ കഴിയൂ. അതേസമയം, അദ്ദേഹത്തിന് ഭീഷണികള്‍ ലഭിച്ചിരുന്നതായി അദ്ദേഹം പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ?
ഇടിവി: താങ്കള്‍ കശ്‌മീരിനെ അടുത്തറിഞ്ഞ ഒരാളാണല്ലോ. ഭീകരര്‍ റുബയ്യാ സയിദിനെതിരെ ഒറു ചെറുവിരല്‍ അനക്കിയാല്‍ പോലും അവരെ കണ്ടെത്തി വകവരുത്തുമെന്ന് കശ്‌മീരികൾ പറഞ്ഞതായി താങ്കള്‍ നേരത്തെ പറഞ്ഞു. അങ്ങനെയെങ്കില്‍ കശ്‌മീരി പണ്ഡിറ്റുകളായ സ്‌ത്രീകള്‍ക്ക് നേരെ എന്തുകൊണ്ട് അതിക്രമം നടന്നു?
ആരിഫ് ഖാന്‍: കശ്‌മീരി പണ്ഡിറ്റുകളായ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കശ്‌മീരി പണ്ഡിറ്റ് സ്ത്രീയുടെ നേരെ മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല. കൊലപാതകം നടന്നിട്ടുണ്ട്, എന്നാൽ കശ്‌മീര്‍ പണ്ഡിറ്റ് സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അത് കശ്‌മീരിന്‍റെ സംസ്‌കാരമല്ല. എന്നാൽ അന്നത്തെ ആ സംഭവത്തില്‍ അഞ്ച് ഭീകരരെ മോചിപ്പിച്ചതോടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്ന് അവർ കരുതി.
ഇടിവി: നിങ്ങൾ അന്ന് കേന്ദ്ര മന്ത്രിസഭയിലെ അംഗമായിരുന്നു. കശ്‌മീരി പണ്ഡിറ്റുകൾ കശ്‌മീരിൽ നിന്ന് പലായനം ചെയ്യുന്നത് തടയാൻ നിങ്ങളുടെ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചത്?
ആരിഫ് ഖാന്‍: ഒരു സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളില്‍ സംസ്ഥാന സർക്കാരിനും സര്‍ക്കാരിന്‍റെ അഭാവത്തില്‍ ഗവർണർക്കുമാണ് ഉത്തരവാദിത്തം. എല്ലാ മന്ത്രിമാർക്കും എല്ലാം അറിഞ്ഞിരിയ്ക്കണമെന്നില്ല. അന്നൊന്നും ഇന്നത്തെ പോലെ ദൃശ്യ മാധ്യമങ്ങളില്ല. എന്നാൽ 2-3 മാസത്തിനുള്ളിൽ വ്യക്തത വന്നു. പലായന വിഷയത്തില്‍ പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ഞാൻ ആളുകളുമായി കൂടിക്കാഴ്‌ച നടത്തി, ഉറച്ച നിലപാട് സ്വീകരിക്കേണ്ട വിഷയമാണിതെന്ന് പറയുകയുണ്ടായി. ഒരു വ്യക്തി സ്വന്തം രാജ്യത്ത് അഭയാർഥിയായി മാറുന്നതിനേക്കാൾ ലജ്ജാകരമായ മറ്റൊന്നില്ല.
ഇടിവി: കശ്‌മീരി പണ്ഡിറ്റുകളുടെ പലായന വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം ഉപേക്ഷിയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ആരിഫ് ഖാന്‍: റുബയ്യ സയിദിനെ രക്ഷിക്കാൻ ഭീകരരെ മോചിപ്പിച്ച സമയത്ത് അക്കാര്യം ഞാന്‍ ആലോചിച്ചിരുന്നു. പ്രധാനമന്ത്രി വി.പി സിങും ആഭ്യന്തര മന്ത്രി മുഫ്‌തി മുഹമ്മദ് സയിദും തന്നെ സമ്മർദത്തിലാക്കുകയാണെന്ന് ഫറൂഖ് സാഹിബ് ആവര്‍ത്തിച്ചു. ഫറൂഖ് ഭായ്, ഏത് ഭാഗത്തുനിന്നും സമ്മർദ്ദം വന്നാലും നിങ്ങളുടെ തീരുമാനം മാറ്റരുത്. നിങ്ങളെ പിന്തുണയ്ക്കാൻ ഞാൻ ഏതറ്റം വരെയും പോകുമെന്നും ഞാന്‍ അദ്ദേഹത്തോട് അന്ന് പറഞ്ഞിരുന്നു.
ഇടിവി: കശ്‌മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് അന്നത്തെ ഗവര്‍ണര്‍ ജഗ്‌മോഹന്‍ മല്‍ഹോത്രയെ കുറ്റപ്പെടുത്തുകയാണ് ഫറൂഖ് അബ്‌ദുള്ള ചെയ്‌തത്. ഇതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
ആരിഫ് ഖാന്‍: ഫറൂഖ് സാഹിബിന് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള എല്ലാ അവകാശവുമുണ്ട്. ജഗ്‌മോഹന്‍ജി ഗവര്‍ണര്‍ ആകുന്നതിന് മുന്‍പേ സാഹചര്യം വഷളായിരുന്നു. പരസ്‌പരം വിശ്വാസമില്ലാത്ത സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകുക തന്നെ ചെയ്യും.
Also read: കൊവിഡിന്‍റെ രണ്ട് വർഷത്തെ ഇടവേള ; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യ